രാജ്യത്ത് ആദ്യമായി എം പോക്‌സ്(മങ്കി പോക്‌സ്) രോഗബാധ സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്നു യുവാവിനാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
എംപോക്‌സ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത വിദേശരാജ്യത്തു തിരിച്ചെത്തിയതാണ് യുവാവ്. യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
2022-ല്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത വൈറസ് ബാധയ്ക്ക് സമാനമായ രോഗബാധയാണ് യുവാവില്‍ കണ്ടെത്തിയത്. എന്നാല്‍ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
നേരത്തെ എം പോക്‌സ് രോഗബാധ സംശയത്തെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. എംപോക്സ് ബാധ സംശയമുണ്ടെങ്കില്‍ നീരീക്ഷണം കര്‍ശനമാക്കണം, ടെസ്റ്റിങ് കാര്യക്ഷമമാക്കണം, രോഗ ബാധ സ്ഥിരീകരിച്ചാല്‍ ഐസൊലേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം. രോഗം പകരുന്നത് തടയാന്‍ ആവശ്യമായ എല്ലാ വഴികളും സ്വീകരിക്കണമെന്നും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി നടപടികള്‍ വേഗത്തിലാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു.