കാസര്‍കോട്: ഓഫീസിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ഗ്യാസ് സിലിണ്ടര്‍ നല്‍കാതെ തിരിച്ചയക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് കുമ്പളയിലെ ഗ്യാസ് ഏജന്‍സി ഓഫീസ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ലോറി സമരത്തിന് ശേഷം ഏജന്‍സി ഓഫീസിന് മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിരയാണ്. വീടുകളില്‍ നേരിട്ടെത്തിക്കുന്ന സംവിധാനം അവസാനിപ്പിച്ച് ഓഫീസിന് മുന്നില്‍ ഉപഭോക്താക്കളെ ക്യൂ നിര്‍ത്തിക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ടോക്കണ്‍ പോലും നല്‍കാതെ വൈകുന്നേരം വരെ വരി നിന്നവരെ പോലും തിരിച്ചയക്കുകയാണ്. ഉപഭോക്താക്കളെ വലയ്ക്കുന്ന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് കുമ്പള യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഫീസ് ഉപരോധിച്ചത്. തുടര്‍ന്ന് പൊലീസെത്തി ഏജന്‍സി അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. ബുക്കുമായി വരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കാനും അതുപ്രകാരം സിലിണ്ടര്‍ നല്‍കാനും ധാരണയായി. യൂത്ത് ലീഗ് നേതാക്കളായ അസീസ് കളത്തൂര്‍, കെഎം അബ്ബാസ്, സിദ്ധീഖ് ദണ്ഡഗോളി, റെഡ് മൊയ്തു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്.