ന്യൂഡൽഹി: ദീർഘദൂര യാത്രചെയ്യുന്നവർക്ക് ഫാസ്ടാഗിലെ ബാൻസ് തുക തീർന്നുപോകുന്നതിന് പരിഹാരമാകുന്നു. ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻ.സി.എം.സി) തുടങ്ങിയവയിലെ ബാലൻസ് നിശ്ചിത തുകയിൽ താഴെയെത്തിയാൽ റീചാർജ് ആകുന്ന സംവിധാനം വൈകാതെ നിലവിൽ വരും. ബാലൻസ് കുറയുമ്പോൾ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് ഓട്ടോമാറ്റിക്കായി റീചാർജ് ചെയ്യുന്ന സംവിധാനം ഉടൻ ലഭ്യമാക്കണമെന്ന് ആർ.ബി.ഐ നിർദേശിച്ചു.
സംവിധാനം നിലവിൽ വരുന്നതോടെ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ഫാസ്ടാഗ് ബാലൻസ് എത്രയുണ്ടെന്ന് ആശങ്കപ്പെടേണ്ട കാര്യമില്ല. ഫാസ്ടാഗ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻ.സി.എം.സി) ബാലൻസ് ഓട്ടോ ഡെബിറ്റ് ചെയ്യാനായി ഇ-മാൻഡേറ്റ് വ്യവസ്ഥകൾ ആർ.ബി.ഐ ഭേദഗതി ചെയ്തു. നിലവിൽ ഫാസ്ടാഗ് ബാലൻസ് നിശ്ചിത പരിധിക്ക് താഴെയാണെങ്കിൽ, അത് റീചാർജ് ചെയ്യുന്നതിനുള്ള അറിയിപ്പ് ഉപയോക്താക്കൾക്ക് ലഭിക്കും.
പുതുക്കിയ ഇ-മാൻഡേറ്റ് വ്യവസ്ഥയനുസരിച്ച്, ടോൾ പേയ്‌മെൻ്റുകൾ ഉറപ്പാക്കാൻ ഫാസ്‌ടാഗ് ബാലൻസ് ബാങ്ക് അക്കൗണ്ടിൽനിന്ന് ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യാം. മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ പ്രീ-ഡെബിറ്റ് അറിയിപ്പുകളുടെ ആവശ്യം ഇല്ലാതാകും. കുറഞ്ഞ ബാലൻസിനെക്കുറിച്ച് ആശങ്കപ്പെടാതെ ഉപയോക്താക്കൾക്ക് ടോൾ പേയ്‌മെൻ്റുകളും മറ്റ് ഇടപാടുകളും നടത്താനാകും.