ലഖ്‍നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിനു ശേഷം ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുകയാണ് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും. പൊതുതെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാന്‍ ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാര്‍ട്ടികളും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. യുപിയിലെ പത്ത് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
കോൺഗ്രസുമായി ചേർന്ന് ‘ഒരു കൈയിൽ നിന്ന് കൊടുക്കുക, മറ്റൊരു കൈയിൽ നിന്ന് വാങ്ങുക’ എന്ന ഫോർമുല സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സമാജ്‌വാദി പാർട്ടി. ഇതുപ്രകാരം യുപിയിലെ സീറ്റുകൾക്ക് പകരമായി മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡിയിൽ നിന്ന് 10 മുതൽ 12 വരെ സീറ്റുകൾ ആവശ്യപ്പെടും. കൂടാതെ, ഹരിയാനയിൽ കോൺഗ്രസിനോട് സമാജ്‌വാദി പാർട്ടിയും അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ടേക്കും. പ്രത്യുപകാരമായി യുപി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് രണ്ട് നിയമസഭാ സീറ്റുകൾ ലഭിച്ചേക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും എസ്പിയുടെ സീറ്റ് വിഭജന ഫോർമുല കോൺഗ്രസ് അംഗീകരിച്ചാൽ ഗാസിയാബാദിലെ മജ്‌വ നിയമസഭാ സീറ്റും മിർസാപൂർ സീറ്റും കോൺഗ്രസിന് നൽകുന്ന കാര്യം എസ്‍പി പരിഗണിച്ചേക്കുമെന്ന് വൃത്തങ്ങൾ പറയുന്നു. ”കോൺഗ്രസുമായി പാർട്ടിക്ക് മികച്ച ഏകോപനമുണ്ട്, ഉപതെരഞ്ഞെടുപ്പ് സീറ്റ് വിഭജനം പരിഹരിക്കപ്പെടും.മഹാരാഷ്ട്രയിലും ഹരിയാനയിലും പാർട്ടി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്” സമാജ്‌വാദി പാർട്ടി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ഭരണകക്ഷിയായ ബി.ജെ.പിയിൽ നിന്നും പ്രധാന പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയിൽ നിന്നുമുള്ള ഒമ്പത് എം.എൽ.എമാരാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. ഇവരില്‍ ഭൂരിഭാഗം പേരും നിയമസഭയില്‍ നിന്നും രാജിവച്ചിരുന്നു.