ഉപ്പളയിലെ രൂക്ഷമായ ഗതാഗത കുരുക്ക്: എകെഎം അഷ്‌റഫ് എംഎൽഎ ഉദ്യോഗസ്ഥ-ജനപ്രതിനിധി യോഗം വിളിച്ചു

0
162

ഉപ്പള: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉപ്പളയിലെ ഫ്‌ളൈ ഓവർ നിർമ്മാണം മൂലം ടൗണിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാവുന്നതിന് പരിഹാരം കാണാൻ എകെഎം അഷ്‌റഫ് എംഎൽഎ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ദേശീയപാത അതോറിറ്റി, ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രതിനിധികൾ, പോലീസ്, ആർടിഒ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവരെ ഉൾക്കൊള്ളിച്ച് ആഗസ്റ്റ് 24 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഉപ്പള വ്യാപാര ഭവനിൽ യോഗം വിളിച്ചു.

ആശുപത്രികളിലേക്കും വിമാനത്താവളത്തിലേക്കും വിദ്യാഭ്യാസ, തൊഴിൽ സ്ഥാപനങ്ങളിലേക്കും പോകേണ്ടവർക്ക് കൃത്യ സമയത്ത് എത്താനാവാത്തത് ജനങ്ങൾക്കിടയിൽ വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്.

ഉപ്പളയിലെ ട്രാഫിക്ക് ബ്ലോക്ക് കാരണം പലർക്കും വിദേശത്തേക്കുള്ള ഫ്‌ളൈറ്റ് നഷ്ടപ്പെടുന്നതും പതിവാവുകയാണ്. ഇത് പലരുടെയും ജോലിയെയും ജീവിതത്തെയും ബാധിക്കുന്നു. ഉപ്പളയിലെ വ്യാപാരികൾക്കും കച്ചവടമില്ലാത്തത് മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നുണ്ട്. കാൽനട യാത്രക്കാർക്ക് നടന്നു പോവാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിൽ ടൗണിലുള്ളത്. വാഹനങ്ങൾ ഓപ്പോസിറ്റ് വന്നുവെന്ന കാരണത്താൽ പൊലീസ്‌ പിഴയിടുന്നതും വ്യാപകമാണ്. ബസുകൾക്ക് സമയ നിഷ്ഠ പാലിക്കാനും ആവുന്നില്ല. പല സർവീസും റദ്ധാക്കേണ്ട സാഹചര്യവുമുണ്ട്. ഓട്ടോ റിക്ഷയടക്കമുള്ള ടാക്സി വനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും പാർക്ക് ചെയ്യാനാവാത്ത സാഹചര്യമാണുള്ളത്. ഫ്‌ളൈ ഓവർ നിർമ്മാണം മൂലം നാട്ടുകാരും വാഹനയാത്രക്കാരും ബസ് തൊഴിലാളികളും പൊറുതിമുട്ടുകയാണ്. ട്രാഫിക്ക് ബ്ലോക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നേരെത്തെ തന്നെ എംഎൽഎ ജില്ലാ വികസന സമിതിയിലും പലവട്ടം ദേശീയ പാത നിർമ്മാണ കാരാറുകാരിലും ഇടപെടലുകൾ നടത്തിയിരുന്നെങ്കിലും പരിഹാരമാവാത്തതിനാലാണ് ഈ യോഗം വിളിച്ചത്. ഉപ്പളയിലെ ട്രാഫിക്ക് ബ്ലോക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് എംഎൽഎയുടെ ആവശ്യപ്രകാരം ആഗസ്ത് 27 ചൊവ്വാഴ്ച്ച കളക്ട്രേറ്റിലും യോഗം വിളിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here