ബെംഗളൂരു: മുൻഭർത്താവിൽ നിന്നും പ്രതിമാസം 6,16,300 രൂപ ജീവനാംശം വേണമെന്ന് ആവശ്യപ്പെട്ട യുവതിക്ക് കർണാടക ഹൈക്കോടതിയുടെയുടെ രൂക്ഷ വിമർശനം. കേസിൻറെ വാദം കോടതിയിൽ നടക്കുന്നതിനിടെയാണ് സംഭവം. രാധ മുനുകുന്ത്ല എന്ന യുവതിയാണ് ഭർത്താവ് എം.നരസിംഹയിൽ നിന്നും ലക്ഷക്കണക്കിന് രൂപ ജീവനാംശം ആവശ്യപ്പെട്ടത്. പ്രതിമാസ ജീവനാംശമായി ഭർത്താവിനോട് യുവതി ആവശ്യപ്പെട്ടത് 6,16,300 രൂപയാണ്.
മുട്ടുവേദനക്കുള്ള ഫിസിയോതെറാപ്പിക്കായി 4-5 ലക്ഷം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഷൂസിനും വസ്ത്രങ്ങൾക്കുമായി 15000 രൂപ, ഭക്ഷണച്ചെലവിനായി 60000 രൂപ എന്നിങ്ങനെയാണ് കണക്കുകൾ. വൻതുക ജീവനാംശം നൽകണമെന്നാവശ്യപ്പെട്ട് യുവതിയുടെ അഭിഭാഷകൻ വാദിക്കുന്ന കോടതി നടപടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇത് കോടതി നടപടികളുടെ ചൂഷണമാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ഇത്രയും പണം ചെലവഴിക്കണമെങ്കിൽ സ്വയം സമ്പാദിച്ചുകൂടെയെന്ന് വനിതാ ജഡ്ജി ചോദിച്ചു. ”ഒരു വ്യക്തിക്ക് ജീവിക്കാൻ ഇത്രയും തുക വേണമന്ന് കോടതിയോട് പറയരുത്. ആരെങ്കിലും ഇത്രയും തുക ചെലവഴിക്കുന്നുണ്ടോ? അതും ഒറ്റക്ക് ജീവിക്കുന്ന ഒരു സ്ത്രീ. ഇത്തരത്തിൽ ആഡംബരജീവിതം നയിക്കണമെങ്കിൽ അവൾ സ്വയം സമ്പാദിക്കട്ടെ. അല്ലാതെ ഭർത്താവിൻറെ പണം കൊണ്ടല്ല കഴിയേണ്ടത്. നിങ്ങൾക്ക് കുടുംബത്തിൻ്റെ മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ല. നിങ്ങൾക്ക് കുട്ടികളെ നോക്കേണ്ടതില്ല” ജഡ്ജി പറഞ്ഞു.
ന്യായമായ തുക ആവശ്യപ്പെടണമെന്നും അല്ലാത്തപക്ഷം ഹർജി തള്ളിക്കളയുമെന്നും ജഡ്ജി യുവതിയുടെ അഭിഭാഷകനോട് പറഞ്ഞു. കഴിഞ്ഞ സെപ്തംബറിൽ ബെംഗളൂരു കുടുംബ കോടതി അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജ് രാധക്ക് ഭർത്താവിൽ നിന്നും 50,000 രൂപ ജീവനാംശം അനുവദിച്ചിരുന്നു. ഈ തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് രാധ ഹൈക്കോടതിയെ സമീപിച്ചത്.