കുമ്പള. ഉപ്പള ബേക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്ന മാധ്യമപ്രവർത്തകനെ ഒരു കൂട്ടം വിദ്യാർഥികളും അവരെ സഹായികളായെത്തിയ ഏതാനും ഗുണ്ടകളും കയ്യേറ്റം ചെയ്തു. ജനം ടി.വി റിപ്പോർട്ടറും കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ല ജോയിന്റ് സെക്രട്ടറിയുമായ ധനരാജിനെയാണ് കയ്യേറ്റം ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.ജോലിയുടെ ഭാഗമായി ആ വഴി പോകുകയായിരുന്ന ധനരാജ് കുട്ടികൾ തമ്മിൽ റോഡിൽ വച്ച് അടിപിടി കൂടുന്നത് കണ്ട് വിവരം പ്രധാനഅധ്യാപകനെ അറിയിക്കുകയായിരുന്നു. അധ്യാപകരും മറ്റും സ്ഥലത്തെത്തി ദൃശ്യങ്ങൾ ചിത്രീകരിക്കുകയും വിദ്യാർഥികളോട് പിന്തിരിഞ്ഞു പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും പിരിഞ്ഞു പോകാത്ത വിദ്യാർഥികൾ ആ വഴി വന്ന ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ഏതാനും വിദ്യാർഥികളെ പിന്തുടർന്ന് ബസിൽ വച്ചും അടിപിടി തുടങ്ങി. ഇതും ധനരാജ് പകർത്തി. തുടർന്ന് ബസിൽ നിന്നിറങ്ങിയ ധനരാജ് സ്കൂൾ അധ്യാപകരുമായി സംസാരിക്കാനും സ്കൂൾ കവാടത്തിന്റെ ദൃശ്യങ്ങൾ പകർത്താനും ശ്രമിക്കവെയാണ് ഏതാനും ഗുണ്ടകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ ധനരാജനെ വളഞ്ഞത്. പ്രസ് ഐഡി കാർഡും മൊബൈൽ ഫോണും തട്ടിപ്പറിക്കുകയും പകർത്തിയ വീഡിയോകൾ ഡിലീറ്റ് ചെയ്തതിനുശേഷം ഇവ തിരിച്ചു നൽകുകയും ഇനി ഈ ഭാഗത്ത് വരികയോ മാധ്യമങ്ങളിൽ വാർത്തകൾ നൽകുകയോ ചെയ്യരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ.
സംഭവത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തി റാഗിങിനും കൈയ്യേറ്റം ചെയ്യുന്നതിനും നേതൃത്വം നൽകുകയും വിദ്യാർഥികളെ തെറ്റായ വഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന ബാഹ്യ ശക്തികളെ കണ്ടെത്തി തക്കതായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് കെ.ജെ.യു സംസ്ഥാന സെക്രട്ടറി പ്രമോദ് കുമാർ രാജപുരം, ജില്ല പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ഉളുവാർ, സെക്രട്ടറി സുരേഷ് കൂക്കൾ, ട്രഷററും കുമ്പള പ്രസ്ഫോറം പ്രസിഡന്റുമായ സുരേന്ദ്രൻ ചീമേനി, കുമ്പള പ്രസ് ഫോറം സെക്രട്ടറി ഐ. മുഹമ്മദ് റഫീഖ് എന്നിവർ ആവശ്യപ്പെട്ടു.
ധൻരാജ് മഞ്ചേശ്വരം പൊലിസിൽ പരാതി നൽകി.
.