ജംഷഡ്പൂർ: മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ ഉടൻ ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് സൂചന. എന്നാൽ സോറൻ ബി.ജെ.പിയിൽ ചേർന്നാൽ ഇൻഡ്യ സഖ്യത്തിന് ഒന്നും സംഭവിക്കില്ലെന്ന് കോൺഗ്രസ്. ചംപയ് സോറൻ പാര്‍ട്ടവിട്ടാല്‍ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കിടയിലാണ് വിള്ളലുണ്ടാക്കുകയെന്നും കോൺഗ്രസ് നേതാവ് അജോയ് കുമാർ വ്യക്തമാക്കി.
ചംപയ് സോറൻ ബിജെപിയിൽ ചേർന്നാൽ മുതിർന്ന ബിജെപി നേതാക്കളും മുൻ മുഖ്യമന്ത്രിമാരായ ബാബുലാൽ മറാണ്ഡിയും അർജുൻ മുണ്ടയും എവിടെ പോകും?. മുതിർന്ന നേതാക്കളെ അപമാനിക്കുന്നത് ബി.ജെ.പിയുടെ ശീലമാണെന്നും അജോയ് കുമാർ പറഞ്ഞു.തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി ഓപ്പറേഷൻ താമരക്ക് ശ്രമിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
അതേസമയം, ജാർഖണ്ഡിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. ചംപയ് സോറനെ ബി.ജെ.പിയിലേക്ക് എത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങൾ നടക്കുകയാണ്. അതിനിടെ സോറനെ കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി എൻഡിഎയിലേക്ക് ക്ഷണിച്ചു. സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയോ, മറ്റൊരു സുഹൃത്തിനെ കണ്ടെത്തുകയോ, പുതിയ പാർട്ടി രൂപീകരിക്കുകയോ ചെയ്യുകയാണ് തന്റെ ആലോചന എന്ന് കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ ചംപയ് സോറൻ പ്രതികരിച്ചിരുന്നു. അതേസമയം, ജെ.എം.എമ്മിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറനെ ബിജെപിയിലേക്ക് എത്തിച്ച് ഇന്‍ഡ്യ സഖ്യത്തിന് വെല്ലുവിളി ഉയർത്തുകയാണ് ബി.ജെ.പി ലക്ഷ്യം.