നദിയില്‍ ഒഴുക്ക് കുറവ്, കാലാവസ്ഥ അനുകൂലം; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ചൊവ്വാഴ്ച പുനഃരാരംഭിക്കും

0
104

ബെംഗളൂരു: ഉത്തര കന്നഡയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ചൊവ്വാഴ്ച പുനഃരാരംഭിക്കും. നാവികസേനയുടെ നേതൃത്വത്തില്‍ പുഴയില്‍ റഡാര്‍ പരിശോധന നടത്താനാണ് തീരുമാനം. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ എന്ന് അറിയുകയാണ് പ്രധാനലക്ഷ്യം.

പുഴയില്‍ ഇപ്പോള്‍ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച കാര്‍വാറില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. അതേസമയം ഷിരൂര്‍ ദൗത്യം തുടരുന്നതുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചില്ല.

നദിയിലെ ഒഴുക്ക് കുറവുണ്ടെന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ നാവികസേന കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സോണാര്‍ പരിശോധന നടത്തുക. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താനുള്ള നടപടി സ്വീകരിക്കും. അതിനു ശേഷം പുഴയുടെ അടിത്തട്ടിലേക്ക് പോയി ലോറിയുടെ ഉള്ളിലേക്ക് കടന്നുള്ള പരിശോധന നടക്കും.

കഴിഞ്ഞ അഞ്ചുദിവസമായി മഴ മാറി നില്‍ക്കുന്നതും തിരച്ചിലിന് അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടം, എം.എല്‍.എ., എസ്.പി. ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗം തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് തിരച്ചിലുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here