തിരുവനന്തപുരം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് 86 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ബിസ്മി ഭവനിൽ താമസിക്കുന്ന സിദ്ധിഖി (25)നെയണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്.
രണ്ടാം പ്രതിയായ മദ്രസ അധ്യാപകൻ തൊളിക്കോട് കരിബ ഓഡിറ്റോറിയത്തിന് സമീപം ജാസ്മിൻ വില്ലയിൽ താമസിക്കുന്ന മുഹമ്മദ് ഷമീറി(29)നെ കുറ്റകൃത്യം മറച്ചുവച്ച കുറ്റത്തിന് ആറുമാസം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു.
2023 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഈ കേസിലെ 15കാരൻ ഉൾപ്പെടെ 5 കുട്ടികളാണ് പ്രതികൾക്കെതിരെ നെടുമങ്ങാട് പൊലീസിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു.
എന്നാൽ, പ്രതികളുടെ സമ്മർദത്തെ തുടർന്ന് വിസ്താര വേളയിൽ പരാതിക്കാരായ മറ്റ് നാലു കുട്ടികളും കൂറുമാറി. പ്രതികൾക്ക് അനുകൂലമായി മൊഴി നൽകുകയും ചെയ്തു. എന്നാൽ ഈ കേസിലെ കുട്ടി മാത്രം എല്ലാ സമ്മർദങ്ങളെയും അതിജീവിച്ച് തനിക്കുണ്ടായ ലൈംഗിക ഉപദ്രവം കോടതിയില്‍ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചത്.
പരാതി നൽകി 9 മാസത്തിനകം പ്രതികളെ ശിക്ഷിച്ചു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. താൻ അപകടത്തിൽപെട്ട് കിടപ്പിലായിരുന്നുവെന്നും ഈ കുറ്റകൃത്യം ചെയ്തില്ലെന്നും ചികിത്സാ രേഖകൾ ഹാജരാക്കി പ്രതി കോടതിയിൽ മൊഴി നൽകി. എന്നാൽ കേസിൽ നിന്ന് രക്ഷപ്പെടാൻ വ്യാജരേഖകൾ ഹാജരാക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ്, വി സി ബിന്ദു എന്നിവർ ഹാജരായി.