പെൺകുട്ടികൾ പൊട്ടുതൊട്ട് വന്നാലും നിരോധിക്കുമോ?​ ഹിജാബ് നിരോധിച്ച കോളേജിനെതിരെ ചോദ്യവുമായി സുപ്രീം കോടതി

0
63

ന്യൂഡൽഹി: ഹിജാബ് നിരോധിച്ച് സർക്കുലർ പുറത്തിറക്കിയ സ്വകാര്യ കോളേജിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മുംബയിലെ ഒരു സ്വകാര്യ കോളേജാണ് ഹിജാബ്,​ ബാഡ്‌ജ്,​ തൊപ്പി എന്നിവ ധരിച്ച് വിദ്യാർത്ഥികൾ വരുന്നതിനെ നിരോധിച്ചത്. ഇതിനെതിരെ കോളേജിലെ മുസ്ളീം വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസിന്റെ വാദത്തിനിടെയാണ് കോളേജ് നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചത്.

ഇത്തരമൊരു നിയമം വിദ്യാർത്ഥിനികൾക്കുമേൽ അടിച്ചേൽപ്പിക്കരുത്? ഇതെന്താണിത്? കേസിൽ വാദം കേട്ട ജസ്‌റ്റിസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. അതേസമയം വിദ്യാർത്ഥികളുടെ മതം വെളിപ്പെടാതിരിക്കാനാണ് ഇത്തരത്തിൽ സർക്കുല‌ർ കൊണ്ടുവന്നതെന്ന് കോളേജ് മാനേജ്‌മെന്റ് വാദിച്ചു.നവംബർ 18ന് ഇത്തരത്തിൽ എത്തരുതെന്നായിരുന്നു സർക്കുലറിൽ ഉണ്ടായിരുന്നത്. എന്നാൽ വിദ്യാർത്ഥികളുടെ പേരുകൾ അവരുടെ മതത്തെ വെളിപ്പെടുത്തില്ലേ എന്നും അപ്പോൾ തിരിച്ചറിയാനായി നമ്പർ ഉപയോഗിക്കുമോ എന്ന് കോടതി ചോദിച്ചു.
മുംബയിലെ എൻ.ജി ആചാര്യ, ഡി.കെ മറാത്ത കോളേജുകളിലെ ഒൻപത് വിദ്യാർത്ഥികളാണ് കോളേജ് ഉത്തരവിനെതിരെ കോടതിയിലെത്തിയത്. അതേസമയം കോളേജിലെ 441 മുസ്ളീം വിദ്യാർത്ഥികൾ ഉത്തരവിൽ സന്തുഷ്‌ടരാണെന്നും വളരെ കുറച്ചുപേർ മാത്രമാണ് എതിർപ്പുന്നയിച്ചതെന്നും കോളേജിന് വേണ്ടി ഹാജരായ അഭിഭാഷക മാധവി ദിവാൻ വാദിച്ചു. മുഖം മറയ്‌ക്കുന്ന വസ്‌ത്രങ്ങൾ ആശയവിനിമയത്തിന് തടസ്സമാണെന്ന് മാധവി ദിവാൻ വാദിച്ചു. ഇതിനോട് ബെഞ്ച് യോജിച്ചു.ഹിജാബ്, നകാബ്, ബുർഖ, തൊപ്പി തുടങ്ങി വസ്‌ത്രങ്ങൾ എൻ.ജി ആചാര്യ, ഡി.കെ മറാത്ത കോളേജ് അധികൃതർ നിരോധിച്ചതിനെ ചോദ്യം ചെയ്‌ത് ഒൻപത് വിദ്യാർത്ഥികൾ ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കോടതി ഇത് തള്ളിയതിന് പിന്നാലെയാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here