ഒരു ഇഎംഐയും തൽക്കാലം അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ല, കഴുകൻമാർക്ക് ഇതിലും അന്തസ് കാണും: ടി സിദ്ധിഖ്

0
137

കല്‍പ്പറ്റ: മുണ്ടക്കൈ ദുരന്തത്തില്‍ രക്ഷപ്പെട്ട് ക്യാമ്പില്‍ കഴിയുന്നവരെ സമ്മര്‍ദ്ദത്തിലാക്കി ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ടുള്ള സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ശ്രമത്തിനെതിരെ ടി സിദ്ധിഖ് എംഎൽഎ. ഒരു ഇഎംഐയും അടയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കഴുകൻമാർക്ക് ഇതിലും അന്തസ്സ് കാണുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇഎംഐ തുക അടക്കാന്‍ ആവശ്യപ്പെട്ട് വിളിച്ചെന്ന് ഒരാൾ സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവന്നത്. തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് പരാതിക്കാരന്‍ പറഞ്ഞത്.

‘ഞാന്‍ ഇഎംഐ എടുത്തിരുന്നു. ഇപ്പോള്‍ പണമിടപാട് സ്ഥാപനത്തിൽ നിന്നും വിളിച്ചു. നിങ്ങള്‍ സുരക്ഷിതരാണോയെന്നാണ് ആദ്യം ചോദിച്ചത്. സുരക്ഷിതരാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ ഇഎംഐ പെന്റിംഗ് ആണെന്നും അത് അടക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആവുമെന്നാണ് അറിയിച്ചത്. കടം വാങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. വല്ലാത്ത അവസ്ഥയാണ് ഞങ്ങളുടേത്. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. എപ്പോഴാണേലും അടച്ചോളാം. ഭക്ഷണം വേണോയെന്ന് ചോദിച്ചല്ല ആരും വിളിച്ചത്. ഈ ദുരന്തമുഖത്തിരിക്കുന്ന ഒരാളെ വിളിച്ചു ചോദിക്കാനുള്ള ചോദ്യമല്ല ഇത്. ജീവിച്ചിരിപ്പുണ്ടോ. എങ്കില്‍ പണം അടക്കൂവെന്ന് കേള്‍ക്കുമ്പോഴുള്ള മാനസികാവസ്ഥ വല്ലാത്തതാണ്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്.’ പരാതിക്കാരന്‍ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here