വയനാട് ഉരുള്‍പൊട്ടല്‍: ‘സാധ്യമായതെല്ലാം ചെയ്യും’; സഹായ വാഗ്ദാനവുമായി തമിഴ്‌നാട്

0
94

വയനാടുണ്ടായ ഉരുള്‍പൊട്ടലില്‍ സഹായ വാഗ്ദാനവുമായി തമിഴ്‌നാട്. സാധ്യമായ സഹായങ്ങളെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ വാഹനങ്ങള്‍, ആളുകള്‍ എന്നിവ നല്‍കാന്‍ തയ്യാറാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

വയനാട് മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലും ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. 45 പേര്‍ മരിച്ചെന്നാണ് നിലവിലെ സ്ഥിരീകരണം. ഇതില്‍ ചൂരല്‍മല മേഖലയില്‍ എട്ടു മരണം, നാല് മൃതദേഹങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. നാലും പുരുഷന്മാര്‍, മേപ്പാടി ആശുപത്രിയില്‍ 33 പേരെ പരുക്കോടെ പ്രവേശിപ്പിച്ചു. മുണ്ടകൈയ്ക്ക് രണ്ടു കിലോമീറ്റര്‍ അകലെ അട്ടമലയില്‍ ആറു മൃതദേഹങ്ങള്‍ ഒഴുകിയെത്തി. ചാലിയാറിലെ മുണ്ടേരിയിലും പോത്തുകല്ലിലും നാലു മൃതദേഹങ്ങള്‍ കണ്ടെത്തി.

നിരവധി പേരെ കാണാതായിട്ടുള്ളതായാണ് വിവരം. ഉരുള്‍ പൊട്ടലും മലവെള്ളപാച്ചിലും 400 ലധികം കുടുംബങ്ങളെയാണ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. മലവെള്ള പാച്ചിലില്‍ നിരവധി വീടുകള്‍ ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള ദുരന്തമാണ് വയനാട് ഉണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണ്ടില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായി. മൂന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളില്‍ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here