ന്യൂഡല്‍ഹി: കൊലക്കേസില്‍ സമാജ്‌വാദി പാര്‍ട്ടി എം.പി അഫ്‌സല്‍ അന്‍സാരിക്ക് തടവുശിക്ഷ വിധിച്ച ഗാസിപുര്‍ പ്രത്യേക കോടതിയുടെ ശിക്ഷ റദ്ദാക്കി അലഹാബാദ് ഹൈക്കോടതി. ബി.ജെ.പി. എം.എല്‍.എയായിരുന്ന കൃഷ്ണാനന്ദ് റായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അന്‍സാരിക്ക് നാലുവര്‍ഷം തടവ് വിധിച്ചത്.
എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന ഗാസിപുറിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചിരുന്നത്. ശിക്ഷയ്‌ക്കെതിരേ ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി ലഭിച്ചതോടെ അന്‍സാരിക്ക് പാര്‍ലമെന്റ് അംഗമായി തുടരാം. 2005-ലാണ് കൃഷ്ണാനന്ദ് റായ് കൊല്ലപ്പെടുന്നത്.
ഉത്തര്‍ പ്രദേശ് സര്‍ക്കാരും അന്‍സാരിയുടെ ശിക്ഷ കൂട്ടണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണാനന്ദ് റായിയുടെ മകനും സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി തള്ളുകയായിരുന്നു. ഗാസിപുര്‍ കോടതിയുടെ ശിക്ഷ, ഹൈക്കോടതി ശരിവെക്കുകയായിരുന്നെങ്കില്‍ അന്‍സാരിക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം ലോക്‌സഭാംഗത്വം രാജിവെക്കേണ്ടി വരുമായിരുന്നു. മാത്രമല്ല, അടുത്ത ആറുകൊല്ലത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യതയും നേരിടേണ്ടിവരുമായിരുന്നു.
2023-ല്‍ അന്ന് ബി.എസ്.പിയുടെ ലോക്‌സഭാംഗമായിരിക്കവേയാണ് അന്‍സാരിക്ക് ശിക്ഷ വിധിക്കപ്പെടുന്നത്. നാലുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയുമായിരുന്നു കോടതി വിധിച്ചത്. ഇതിനെതിരേ അന്‍സാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഗുണ്ടാത്തലവനും എം.എല്‍.എയുമായിരുന്ന മുക്താര്‍ അന്‍സാരിയുടെ സഹോദരനാണ് അഫ്‌സല്‍ അന്‍സാരി. കൃഷ്ണാനന്ദ് റായ് കൊലക്കേസില്‍ മുക്താര്‍ അന്‍സാരിയും ശിക്ഷിക്കപ്പെട്ടിരുന്നു. പത്തുകൊല്ലം തടവും അഞ്ചുലക്ഷം രൂപ പിഴയുമായിരുന്നു വിധിച്ചിരുന്നത്.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.പിയുടെ ടിക്കറ്റില്‍ മത്സരിച്ചാണ് അന്‍സാരി വിജയിച്ചത്. ബി.ജെ.പിയുടെ പരസ് നാഥ് റായ്, ബി.എസ്.പിയുടെ ഉമേഷ് കുമാര്‍ സിങ് എന്നിവരായിരുന്നു എതിരാളികള്‍.