ദുൽഖർ സൽമാന്റെ ജന്മദിനം; ക്ഷേത്രത്തിൽ 501 പേർക്ക് സദ്യ നൽകി നിർമ്മാതാവ് പ്രജീവ് സത്യ വ്രതൻ

0
84

മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജയും സദ്യയും നടത്തി നിർമ്മാതാവ് പ്രജീവ് സത്യ വ്രതൻ. ഡി ക്യൂവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും ശത്രു ദോഷത്തിനുമുള്ള പൂജയും 501 പേർക്ക് സദ്യയുമാണ് നിർമ്മാതാവ് നല്‍കിയത്. വെന്നിക്കോട് വലയന്റെകുഴി ശ്രീ ദേവിക്ഷേത്രത്തിൽ ആയിരുന്നു വഴിപാടും അന്നദാനവും നടത്തിയത്.

‘ഫൈനൽസ്’, ‘രണ്ട്’ എന്നീ സിനിമകളുടെ നിർമ്മാതാവാണ് പ്രജീവ് സത്യ വ്രതൻ. പ്രജീവം മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ‘ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്’ റിലീസിന് തയ്യാറെടുക്കുകയാണ്. ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാന്റെ കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില രംഗങ്ങളുമുണ്ട്. കൂടാതെ ദുൽഖറിനെ കുറിച്ച് ഒരു ഗാനവും ഒരുക്കിയിട്ടുണ്ട്. ബി കെ ഹരിനാരായണൻ – മെജോ ജോസഫ് ടീമിന്റേതാണ് വ്യത്യസ്തമായ ഈ ഗാനം.

‘പ്ലസ് ടു’, ‘ബോബി’, ‘കാക്കിപ്പട’ എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് – ആനി ദമ്പതികളുടെ ഇളയ പുത്രൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്.

സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രമായി അബു സലിമാണ് എത്തുന്നത്. ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ,എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു.

സംവിധായകൻ ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി ആർ ബാലഗോപാൽലാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഹരിനാരായണന്റെ വരികൾക്ക് മെജോ ജോസഫിന്റേതാണ് സംഗീതം. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ക്യാമറ: രജീഷ് രാമൻ, എഡിറ്റിങ്: സുജിത് സഹദേവ്, ആക്ഷൻ കോറിയോഗ്രാഫർ: റൺ രവി. പി ആർ ഓ എം കെ ഷെജിൻ.

LEAVE A REPLY

Please enter your comment!
Please enter your name here