അങ്കോല: ഷിരൂരില്‍ മണ്ണിന് അടിയില്‍പ്പെട്ട അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ ദുഷ്‌കരമെന്ന് കുന്ദാപുരത്തുനിന്നുള്ള മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെ. പുഴയുടെ അടിയില്‍ ഒട്ടും കാഴ്ചയില്ല. 12.6 നോട്ടുവരെയാണ് അടിയൊഴുക്ക്. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസം ആറുതവണ മുങ്ങിത്തപ്പി. എന്റെ ജീവന്‍ ഞാന്‍ നോക്കിക്കോളാമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ഒപ്പിട്ടുകൊടുത്ത് സ്വന്തം റിസ്‌കിലാണ് പുഴയിലിറങ്ങുന്നത്. അര്‍ജുന്‍ അവിടെയുണ്ടെന്ന പ്രതീക്ഷയിലാണ് തിരച്ചില്‍. കൈകൊണ്ട് തൊട്ടുനോക്കിയാണ് സാധനങ്ങള്‍ പലതും തിരിച്ചറിയുന്നതെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.
പുഴയുടെ അടിത്തട്ടത്തില്‍ വലിയ പാറക്കെട്ടുകളും മരങ്ങളും തടിക്കഷണങ്ങളുമുണ്ട്. തകരയുടെ ബ്ലേഡ് രണ്ടുതവണ ശരീരത്തില്‍ തട്ടി. മൂന്ന് പോയിന്റില്‍ തപ്പി. ഇളകിയ മണ്ണാണ് അടിയില്‍ ഉള്ളത്. പുഴയുടെ അടിയില്‍ വൈദ്യുതി കമ്പികളുണ്ട്, അത് മാറ്റി ഇന്ന് പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.