ബെംഗളൂരു: ഉത്തര കന്നഡയിലെ അങ്കോലയ്ക്കുസമീപം ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ ലോറിഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഒമ്പതാംദിനവും തുടരുന്നു. തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ലോറി കണ്ടെത്തിയെന്ന അഭ്യൂഹങ്ങളും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ലോറി കണ്ടെത്തിയതിന് ഇതുവരെ കൃത്യമായ സ്ഥിരീകരണമില്ലെന്ന് സംഭവ സ്ഥലത്തുള്ള മഞ്ചേശ്വരം എംഎല്‍എ എ.കെ.എം.അഷ്‌റഫ് പറഞ്ഞു. എന്നാല്‍ രക്ഷാപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും പ്രതികരണങ്ങളില്‍നിന്ന് പതിവില്‍നിന്ന് വിപരീതമായ ചില ആത്മവിശ്വാസം തനിക്ക് തോന്നിയതായും അഷറഫ് പ്രതികരിച്ചു.
‘കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി വലിയ തയ്യാറെടുപ്പുകളോടെയാണ് ഇന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുള്ളത്. രാവിലെ കര്‍ണാടക ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ എന്നെയും പങ്കെടുപ്പിച്ചിരുന്നു. അവരുടെ സംസാരത്തില്‍ ആത്മവിശ്വാസമുണ്ട്. എല്ലാവരും ഒരു സ്ഥലം കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. ദുരന്തം നടന്നതിന് ശേഷം ഇത്തരത്തില്‍ ഇതാദ്യമാണ്’ – എം.എല്‍.എ പറഞ്ഞു.
ഇതിനിടെ, ലോറി കണ്ടെത്തുന്നതിനുള്ള തിരച്ചിലിനായി കൂറ്റന്‍ മണ്ണുമാന്ത്രി യന്ത്രം ഷിരൂരില്‍ എത്തിച്ചിട്ടുണ്ട്. 60 അടിവരെ ആഴത്തില്‍വരെ തിരച്ചില്‍ നടത്താന്‍ കഴിയുന്നതാണ് ബൂം ലെങ്ത് മണ്ണുമാന്തി യന്ത്രം.