ഉപ്പള : ഉപ്പള ഹനുമാൻനഗറിൽ നിരവധി കുടുംബങ്ങൾ കടലേറ്റഭീതിയിൽ. കാലവർഷം കനക്കുമ്പോൾ നെഞ്ചിൽ തീയുമായാണ് ഇവിടെ ഓരോ കുടുംബവും കഴിയുന്നത്. മഴ ശക്തമാകുമ്പോഴെല്ലാം ഇവിടെ കടലേറ്റവും ശക്തമാണ്. കടലിനും വീടുകൾക്കുമിടയിൽ 50 മീറ്റർ ദൂരം മാത്രമേയുള്ളൂ. കടലേറ്റഭീഷണിയുള്ളതിനാൽ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് കുടുംബങ്ങൾ.
കടലേറ്റപ്രശ്നങ്ങളേത്തുടർന്ന് വാടകവീടുകളിലേക്ക് മാറിത്താമസിക്കുന്നവരും സ്ഥലവും വീടും ഉപേക്ഷിച്ച് പോകാൻ നിർബന്ധിതരായവരുമുണ്ട്. മൂസോടി-ഷിറിയ ഭാഗത്തേക്ക് പോകുന്ന തീരദേശറോഡും കടലേറ്റഭീഷണിയിലാണ്. വർഷങ്ങൾക്ക് മുൻപ് റോഡ് സംരക്ഷിക്കുന്നതിനുവേണ്ടി ബെൽറ്റ് ഇട്ട് നിർമിച്ച കടൽഭിത്തി പൂർണമായും കടലെടുത്തിരുന്നു. ഇതിനുശേഷം കടലിന് കുറുകെ നിശ്ചിത അകലത്തിൽ കരിങ്കല്ല് പാകിയിട്ടുണ്ട്.
എന്നാൽ, മഴ കനത്തതോടെ തീരദേശറോഡ് കവിഞ്ഞ് വെള്ളവും മാലിന്യവും വീട്ടുമുറ്റത്തെത്തുകയാണ്. ജയറാം ബങ്കേര, പുഷ്പലത, ശാരദ തുടങ്ങിയവരുടെ വീടുകൾ ഭീഷണിയിലാണ്. ഈ ഭാഗത്ത് കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങൾക്കിടയിൽ കടൽ നൂറുമീറ്ററോളം കരയിലേക്ക് കയറിയിരിക്കുകയാണ്. തീരെ പാവപ്പെട്ട കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഭൂരിഭാഗവും കൂലിപ്പണിക്കാരുമാണ്.
കടലേറ്റത്തെത്തുടർന്ന് കഴിഞ്ഞദിവസം മൂസോടിയിൽ ഒരു വീട് ഭാഗികമായി തകർന്നിരുന്നു. കുടുംബത്തെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്.
പ്രദേശത്തെ കടലേറ്റത്തിന് ശാസ്ത്രീയമായതും ശാശ്വതവുമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുൻകാലങ്ങളിൽ കടലേറ്റത്തിൽ നാശമുണ്ടായവർക്ക് അർഹമായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുണ്ട്. തിങ്കളാഴ്ച റവന്യു അധികൃതരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.