ഡൽഹി: അടുത്ത വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ യുവഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ട്. നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് റിഷഭ് പന്ത്. എന്നാൽ അടുത്ത വർഷത്തെ മെഗാതാരലേലത്തിന് മുമ്പായി താരത്തെ റിലീസ് ചെയ്യാനാണ് ടീം ഡയറക്ടർ സൗരവ് ഗാംഗുലിയുടെ പദ്ധതികളെന്നാണ് സൂചന. ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം അടുത്ത സീസണിൽ മഹേന്ദ്ര സിംഗ് ധോണി ഉണ്ടാകുമോയെന്ന് ഇപ്പോഴും വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് റിഷഭ് പന്തിന് സാധ്യതയേറുന്നത്.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻസ്ഥാനം മഹേന്ദ്ര സിംഗ് ധോണി ഒഴിഞ്ഞതോടെ കഴിഞ്ഞ സീസണിൽ റുതുരാജ് ഗെയ്ക്ക്‌വാദാണ് ടീമിനെ നയിച്ചത്. എന്നാൽ സീസണിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ ചെന്നൈയ്ക്ക് കഴിഞ്ഞുള്ളു. ധോണിയുടെ പിന്തുണയോടെയാണ് റുതുരാജ് ചെന്നൈയെ നയിച്ചത്. ഇതോടെ ടീമിനെ ഒറ്റയ്ക്ക് നയിക്കാൻ കഴിയുന്ന താരമെന്ന ആവശ്യം ചെന്നൈ ആരാധകർക്കിടയിൽ ഉയർന്നിരുന്നു.
റിഷഭ് പന്തിനെ വിട്ടുനിൽകിയാൽ ഡൽഹി ക്യാപിറ്റൽസും പ്രതിസന്ധിയിലാകും. മികച്ച ഒരു വിക്കറ്റ് കീപ്പർ ബാറ്ററെയും ക്യാപ്റ്റനെയും ഡൽഹി കണ്ടെത്തേണ്ടി വരും. കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിൽ റിഷഭ് വിട്ടുനിന്നപ്പോൾ ഡൽഹിയെ നയിച്ചത് യുവ ഇന്ത്യൻ ഓൾ റൗണ്ടർ അക്സർ പട്ടേലാണ്. വിക്കറ്റ് കീപ്പറുടെ റോളിലെത്തിയത് അഭിഷേക് പോറലും. എന്നാൽ ഈ മത്സരം വിജയിക്കാൻ ഡൽഹിക്ക് കഴിഞ്ഞില്ല.