ഇടിമിന്നലും കാറ്റും, വരുന്നത് അതിതീവ്ര മഴ: മുഴുവൻ ജില്ലകളിലും ജാ​ഗ്രതാ മുന്നറിയിപ്പ്

0
220

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ കാരണമാകുന്നത്. അതോടൊപ്പം കേരള തീരത്ത് പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ കാറ്റും ശക്തമാകും. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോട്കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും മറ്റിടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

മഴ ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി വൻനാശനഷ്ടം സംഭവിച്ചു. കോഴിക്കോട് വിലങ്ങാട് മലയോരത്ത് ശക്തമായ മഴയിൽ പുല്ലുവ പുഴ കരകവിഞ്ഞു. വന മേഖലയിൽ ഉരുൾ പൊട്ടിയതായി സംശയമുണ്ട്. കനത്ത മലവെള്ള പാച്ചിലിനെ തുടർന്ന് വിലങ്ങാട് പാലം വെള്ളത്തിനടിയിലായി. എറണാകുളം പിറവം കക്കാട്- പടിപ്പുര റോഡിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. ഇതിനെ തുടർന്ന് പിറവത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി.

ഇടുക്കിയിൽ അടിമാലി കുരിശുപാറയിൽ മണ്ണിടിഞ്ഞു. അടിമാലിയിലെ നാല് വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്ക് മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു. കോട്ടയം വിജയപുരം താമരശ്ശേരിയിലും മണ്ണിടിച്ചിലുണ്ടായി. ആർക്കും പരിക്കില്ല. ചങ്ങനാശേരി വില്ലേജ് ഓഫീസ് വളപ്പളിൽ മരം കടപുഴകി വീണു. നാശ നഷ്ടങ്ങൾ ഇല്ല. മരം വെട്ടിമാറ്റി.

കടലുണ്ടിപ്പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനെ തുടർന്ന് മലപ്പുറം വേങ്ങരയിലെ ബാക്കിക്കയം റഗുലേറ്ററിന്റെ മുഴുവൻ ഷട്ടറുകളും പൂർണമായി തുറന്നു. നിലവിലെ ജലനിരപ്പ് 6.10 മീറ്ററാണ്. ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. തിരുവനന്തപുരം കാര്യവട്ടത്ത് സർവ്വകലാശാല കാമ്പസിനുമുന്നിൽ സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. വീണ മരം അ​ഗ്നിശമനാ സേന മുറിച്ചുമാറ്റി.

മഴ ശക്തമാകുന്നതോടെ സംസ്ഥനത്ത് മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻ കരുതലിന്റെ ഭാ​ഗമായി വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കിയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here