ആഗ്ര: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ മാതാവും പ്രതിശ്രുത വരന്റെ പിതാവും ഒളിച്ചോടിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം. മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് ഇരുവരും ഒളിച്ചോടിയത്. സംഭവത്തില്‍ സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഷക്കീല്‍ എന്നയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.
ഷക്കീലിന്റെ മകനും ഗഞ്ച്ദുന്ദ്വാര സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം രണ്ടുമാസം മുന്‍പാണ് നിശ്ചയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ഷക്കീലും ഭാവിമരുമകളുടെ മാതാവും തമ്മില്‍ ഫോണിലൂടെ സൗഹൃദം ആരംഭിച്ചെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ രഹസ്യമായാണ് ഫോണ്‍വഴി ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് ജൂണ്‍ മൂന്നാം തീയതി മുതലാണ് രണ്ടുപേരെയും കാണാതായത്.
ഇരുവരെയും കാണാതായതോടെ ബന്ധുക്കള്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, ഒരുമാസം കഴിഞ്ഞിട്ടും ഭാര്യയെയും ഭാവിമരുമകന്റെ പിതാവിനെയും കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് ഒളിച്ചോടിയ സ്ത്രീയുടെ ഭര്‍ത്താവ് പോലീസിനെ സമീപിച്ചത്.
സംഭവത്തില്‍ ഷക്കീലിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കാണാതായ സ്ത്രീ ഷക്കീലിനൊപ്പം സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലെന്നും ഇവരെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു. കാണാതായ സ്ത്രീക്ക് വിവാഹനിശ്ചയം കഴിഞ്ഞ മകള്‍ ഉള്‍പ്പെടെ ആറ് മക്കളാണുള്ളത്. ഷക്കീല്‍ പത്ത് മക്കളുടെ പിതാവുമാണ്.