ബെംഗളൂരു: കർണാടകയിലെ സംവരണ ബില്ലിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. വ്യവസായ സമൂഹത്തിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നതിന് പിന്നാലെയാണിത്. വ്യവസായ സംഘടനകളുമായി ചർച്ച ചെയ്ത ശേഷം മാത്രം ബിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. സമവായമില്ലെങ്കിൽ ഈ നിയമസഭാ സമ്മേളനത്തിൽ ബില്ല് പരിഗണനയ്ക്ക് വരില്ല.
കർണാടകയിൽ സ്വകാര്യ തൊഴിൽ മേഖലയിൽ കന്നഡ സംവരണത്തിനാണ് മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയത്. സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിനാണ് അംഗീകാരം നൽകിയത്. കർണാടകയിലെ വ്യവസായ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50 ശതമാനം മാനേജ്മെന്‍റ് പദവികളിലും 75 ശതമാനം നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ.
ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് 100 ശതമാനം കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളൂവെന്നും നിലവിൽ മന്ത്രിസഭ അംഗീകരിച്ച ബില്ലിലുണ്ട്. പ്യൂൺ, സ്വീപ്പർ മുതലായ ജോലികളാണ് ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലായി തരം തിരിച്ചിട്ടുള്ളത്. കർണാടകയിൽ രജിസ്റ്റർ ചെയ്ത കച്ചവട സ്ഥാപനങ്ങൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും ചട്ടം ബാധകമാക്കാനാണ് നീക്കം.
മലയാളികൾ ഏറ്റവും കൂടുതൽ ജോലിക്കായി ആശ്രയിക്കുന്ന നഗരമാണ് ബെംഗളൂരു. വ്യവസായ – ഐടി മേഖലകളിലടക്കം പതിനായിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്നുണ്ട്. അതിനാൽ ഈ ബില്ല് നിയമമായാൽ മലയാളികൾക്ക് തിരിച്ചടിയാവും. ബില്ലിന് നിയമസഭ അംഗീകാരം നൽകിയാലാണ് നിയമമാവുക.
ബെംഗളൂരുവിലെ വ്യവസായ മേഖല ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഒരു സർക്കാർ ഓഫീസർ ഇരുന്ന് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള നിയമനം നടത്താൻ തീരുമാനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് മണിപ്പാൽ ഗ്രൂപ്പ് ചെയർമാൻ മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു. ബെംഗളുരുവിലെ ടെക് കമ്പനികളെ അടക്കം ഒറ്റയടിക്ക് പേടിപ്പിച്ചോടിക്കുന്ന ബില്ലെന്ന് ബയോകോൺ ലിമിറ്റഡ് ചെയർപേഴ്സൺ കിരൺ മജുംദാർ ഷാ വിമർശിച്ചു.
As a tech hub we need skilled talent and whilst the aim is to provide jobs for locals we must not affect our leading position in technology by this move. There must be caveats that exempt highly skilled recruitment from this policy. @siddaramaiah @DKShivakumar @PriyankKharge https://t.co/itYWdHcMWw
— Kiran Mazumdar-Shaw (@kiranshaw) July 17, 2024