ന്യൂഡൽഹി: ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ വഴി ഇനി ഭക്ഷണം മാത്രമല്ല മദ്യവും വീട്ടിലെത്തിയേക്കും. കേരളമടക്കമുള്ള ഏഴ് സംസ്ഥാനങ്ങളില്‍ ഓൺലൈൻ വ്യാപാരം പരിഗണിക്കുന്നതായി റിപ്പോർട്ട്. സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്കറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി മദ്യം ഡെലിവറി ആരംഭിച്ചേക്കുമെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കേരളത്തെ സംബന്ധിച്ച് ഡെലിവറി പ്‌ളാറ്റ്‌ഫോം കമ്പനികളുടെ നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണ് നിര്‍ണായകമാകുക.
ആദ്യഘട്ടത്തിൽ ബിയർ, വൈൻ അടക്കം കുറഞ്ഞ അളവിൽ ലഹരിയടങ്ങിയ മദ്യമായിരിക്കും വിതരണം ചെയ്യുക. കേരളം, ഡൽഹി, കർണാടക, ഹരിയാണ, പഞ്ചാബ്, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിന്റെ ആദ്യഘട്ടം നടപ്പിലാക്കുമെന്നാണ് വ്യവസായ മേധാവികളെ ഉദ്ധരിച്ച് റിപ്പോർട്ട്. നിലവിൽ പശ്ചിമ ബംഗാളിലും ഒഡിഷയിലും മദ്യം വീടുകളിലേക്ക് ഡെലിവറിക്ക് അനുമതിയുണ്ട്. സ്വിഗ്ഗിയും സ്പെൻസെഴ്സ് റീട്ടയിലുമാണ് പശ്ചിമ ബംഗാളിൽ മദ്യം ഡെലിവറി ചെയ്യുന്നത്.
‘വലിയ നഗരങ്ങളിൽ താമസമാക്കിയവർ, ഭക്ഷണത്തോടൊപ്പം മിതമായ രീതിയിൽ മദ്യം കഴിക്കുന്ന ആളുകൾ, പരമ്പരാഗത മദ്യവിൽപ്പന ശാലകളിൽ നിന്നും കടകളിൽ നിന്നും മദ്യം വാങ്ങുന്നത് അസുഖകരമായ അനുഭവം ആയി കരുതുന്ന സ്ത്രീകളും മുതിർന്ന പൗരന്മാരും തുടങ്ങിയവരെ ലക്ഷ്യം വെച്ചാണ് പദ്ധതി പരിഗണിക്കുന്നത്’- എക്കണോമിക് ടൈംസ് റിപ്പോർട്ടിൽ ഒരു എക്സിക്യുട്ടീവ് വ്യക്തമാക്കി.