നമ്പറില്ല, സീറ്റ് ബെൽറ്റില്ല, വമ്പൻ ടയറും; ജീപ്പ് യാത്രയിൽ ആകാശ് തില്ലങ്കേരിയെ കുടഞ്ഞ് ഹൈക്കോടതി

0
46

ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജീപ്പ് ഉടന്‍ പിടിച്ചെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയതിനൊപ്പം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ് വീണ്ടും നിയമലംഘനം നടത്തിയിരിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. രൂപമാറ്റം വരുത്തിയിരിക്കുന്നത് ഉള്‍പ്പെടെ നിരവധി നിയമലംഘനങ്ങള്‍ ആ വാഹനത്തില്‍ വരുത്തിയിട്ടുണ്ടെന്നും അതിനാല്‍ ഉടന്‍ വാഹനം കസ്റ്റഡിയില്‍ എടുക്കാനാണ് കോടതി നിര്‍ദേശം.

വാഹനത്തില്‍ നിരവധി നിയമലംഘനങ്ങള്‍ ഉണ്ടെന്നും കോടതി വിലയിരുത്തി. അനുവദിച്ചിട്ടുള്ളതിലും അധികം വലിപ്പത്തിലുള്ള ടയറുകള്‍ ആണ്. നമ്പര്‍ പ്ലേറ്റ് നല്‍കിയിട്ടില്ല, അനധികൃതമായി വരുത്തിയ രൂപമാറ്റം എന്നിവയാണ് നിയമലംഘനങ്ങള്‍. ഇതിനൊപ്പം സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി വാഹനമോടിക്കുന്നതെന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് കോടതി വാഹനം പിടിച്ചെടുക്കാനും നടപടി സ്വീകരിക്കാനും മോട്ടോര്‍ വാഹനവകുപ്പിനോട് ആവശ്യപ്പെട്ടത്.

ആകാശ് തില്ലങ്കേരിയുടെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്താണ് വീഡിയോ പരിശോധിച്ച് ഹൈക്കോടതി സ്വമേധയാ നടപടിയിലേക്ക് പോയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. വാഹനത്തിന് രജിസ്‌ട്രേഷന്‍ നമ്പറില്ല, രൂപമാറ്റം വരുത്തി, വാഹനമോടിച്ച ആകാശ് തില്ലങ്കേരി സീറ്റ് ബെല്‍റ്റ് ധരിച്ചില്ല എന്നിവ മുന്‍നിര്‍ത്തി ആകാശ് തില്ലങ്കേരിക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കാൻ ഒരുങ്ങുന്നുവെന്ന നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് വയനാട് ജില്ലയിലെ പനമരത്ത് ആകാശ് തില്ലങ്കേരി ജീപ്പ് യാത്ര നടത്തിയത്. വാഹനം മലപ്പുറം മൊറയൂര്‍ സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണെന്നും രജിസ്‌ട്രേഷന്‍ നമ്പര്‍ കെ.എല്‍. 10 ബി.ബി. 3724 ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ആകാശ് തില്ലങ്കേരി ഇന്‍സ്റ്റഗ്രാം റീല്‍ പങ്കുവെച്ചതോടെയാണ് യാത്ര വിവാദമായത്. പനമരം-മാനന്തവാടി റോഡില്‍ പനമരം ടൗണ്‍, നെല്ലാറാട്ട് കവല, ആര്യന്നൂര്‍നട എന്നിവിടങ്ങളിലൂടെ വാഹനം ഓടിക്കുന്നതാണ് വീഡിയോയില്‍.

വാഹനത്തിന്റെ ടയറുകള്‍ ഉള്‍പ്പെടെ മാറ്റിവെച്ചതാണെന്നു വ്യക്തം. മറ്റൊരു ആഡംബര വാഹനത്തില്‍ ഒപ്പം സഞ്ചരിച്ചവരാണ് ദൃശ്യം പകര്‍ത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ ഇതേ വാഹനത്തിന്റെ പേരില്‍ സമാനകേസുകളുണ്ടെന്നു കണ്ടെത്തി. 2023 ഒക്ടോബറില്‍ വയനാട്ടില്‍നിന്നുതന്നെ വാഹനയുടമയ്ക്ക് ഇ-ചെലാന്‍ അയച്ചിട്ടുണ്ട്. കോടതിയുടെ പരിഗണനയിലും കേസുകളുണ്ട്. എ.ഐ. ക്യാമറാ ദൃശ്യംകൂടി പരിശോധിച്ചതിനുശേഷം കേസ് രജിസ്റ്റര്‍ചെയ്യുമെന്നും തുടര്‍നടപടിയെടുക്കുമെന്നും എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി. ഒ. കെ.ആര്‍. സുരേഷ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here