മുംബയ്: ട്വന്റി ട്വിന്റി ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ബിസിസിഐ നൽകിയ 125 കോടി വീതം വയ്‌ക്കുന്നത് എങ്ങനെയെന്ന വിവരം പുറത്ത്. സമ്മാനത്തുക പ്രഖ്യാപിച്ചപ്പോൾത്തന്നെ ആരാധകർക്കുണ്ടായ സംശയമായിരുന്നു ഇതെങ്ങനെ താരങ്ങൾക്ക് വീതം വയ്‌ക്കുമെന്നത്.
കളിച്ചവർക്ക് മാത്രമാണോ അതോ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ പ്ലേയിംഗ് ഇലവണിൽ കളിക്കാൻ അവസരം ലഭിക്കാത്തവർക്കും സമാനമായ തുക ലഭിക്കുമോ എന്നുൾപ്പെടെ ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതിനെല്ലാമുള്ള ഉത്തരമായി എങ്ങനെയാണ് തുക വീതിക്കുന്നതെന്ന് നോക്കാം. ഒരു ദേശീയ മാദ്ധ്യമമാണ് വാർത്ത പുറത്തുവിട്ടത്.
ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപയിൽ അഞ്ച് കോടി രൂപ വീതം ടീമിലെ 15 അംഗങ്ങൾക്ക് ലഭിക്കും. ടീമിലുണ്ടായിട്ടും പ്ലേയിംഗ് ഇലവണിൽ അവസരം ലഭിക്കാത്ത സഞ്ജു സാംസൺ, ഓപ്പണർ യശസ്വി ജയ്‌സ്വാൾ, സ്‌പിന്നർ യുസ്‌വേന്ദ്ര ചാഹൽ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് അഞ്ച് കോടി ലഭിക്കും. ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ഫീൽഡിംഗ് കോച്ച് ടി ദിലീപ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ എന്നിവർക്ക് 2.5 കോടി രൂപ സമ്മാനത്തുകയിൽ നിന്ന് ലഭിക്കും.ടീം സെലക്ഷൻ നടത്തിയ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങൾക്ക് ഓരോ കോടി വീതം ലഭിക്കും. സപ്പോർട്ട് സ്റ്റാഫിലുൾപ്പെടുന്ന ഫിസിയോ തെറാപ്പിസ്റ്റുകളായ കമലേഷ് ജെയിൻ, യോഗേഷ് പർമർ, തുളസി റാം യുവരാജ്, ത്രോ ഡൗൺ സ്‌പെഷ്യലിസ്റ്റുകളായ രാഘവേന്ദ്ര ഡിവിജി, നുവാൻ ഉദേനെകെ, ദയാനന്ദ് ഗരാനി, മസാജർമാരായ രാജീവ് കുമാർ, അരുൺ കാനഡെ, സ്‌ട്രെംഗ്‌ത് ആൻഡ് കണ്ടീഷനിംഗ് കോച്ചായ സോഹം ദേശായി എന്നിവർക്കും രണ്ട് കോടി രൂപ വീതം സമ്മാനത്തുകയിൽ നിന്ന് ലഭിക്കും.
ഇതിന് പുറമേ, ലോകകപ്പ് ടീമിലെ റിസർവ് താരങ്ങളായിരുന്ന ശുഭ്‌മാൻ ഗിൽ, റിങ്കു സിംഗ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ് എന്നിവർക്ക് ഓരോ കോടി വീതം സമ്മാനത്തുകയിൽ നിന്നും ലഭിക്കും. 42 അംഗ ഇന്ത്യൻ സംഘമാണ് മത്സരത്തിനായി പോയത്. സംഘത്തിലുണ്ടായിരുന്ന വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫീസർ, ലോജിസ്റ്റിക് മാനേജർ എന്നിവർക്കും തുകയിൽ നിന്ന് ഒരു ഭാഗം ലഭിക്കും. സമ്മാനത്തുകയ്‌ക്ക് പുറമേ ഇന്ത്യൻ ടീമിന് മഹാരാഷ്‌ട്ര സർക്കാർ 11 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. 2013ൽ ലോകകപ്പ് നേടിയപ്പോൾ ടീം അംഗങ്ങൾക്കെല്ലാം ഓരോ കോടി രൂപ വീതമാണ് സമ്മാനത്തുകയായി നൽകിയത്.