കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള റോഡ് പണി മഴയായതിനാൽ താത്കാലികമായി നിർത്തി. ചെളിവെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതും ടാറിങ് ഇളകിപ്പോകുന്നതുമെല്ലാം പണിയെ മന്ദഗതിയിലാക്കിയിരുന്നു. മഴ കനത്തതോടെ പണി നിർത്തി. അതേസമയം പാലം പണിയും റോഡിന്റെ അനുബന്ധ പ്രവൃത്തികളും പുരോഗമിക്കുന്നു.
ആദ്യ റീച്ചായ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ഭാഗത്ത് 76 ശതമാനം പണി പൂർത്തിയായി. 26 കിലോമീറ്റർ റോഡ് നിർമാണത്തിലെ അന്തിമഘട്ടപണിയും കഴിഞ്ഞു. 90 ശതമാനം സർവീസ് റോഡും പൂർത്തിയായി. ഉപ്പള, ഷിറിയ, പൊസോട്ട്, എരിയാൽ, മഞ്ചേശ്വരം പാലങ്ങളുടെ പണിയും പൂർത്തിയായി.