‘മുന്നണിയിൽ തുടരുന്നതിൽ അർഥമില്ല’; ഐ.എൻ.എൽ കാസർകോട് ജില്ലാ നേതൃയോഗത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം

0
133

കാസര്‍കോട്: ഐ.എൻ.എൽ കാസർകോട് ജില്ലാ നേതൃയോഗത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം. എൽ.ഡി.എഫ് യോഗത്തിൽ പോലും അർഹമായ പ്രാതിനിധ്യം ലഭിക്കാത്ത സാഹചര്യത്തിൽ മുന്നണിയിൽ തുടരുന്നതിൽ അർഥമില്ലെന്നാണ് നേതാക്കളുടെ നിലപാട്. ചെറിയ ഘടകകക്ഷിയുടെ പരിഗണന പോലും പാർട്ടിക്ക് ലഭിക്കാത്തത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ചേർന്ന ഐ.എൻ.എൽ കാസർകോട് ജില്ലാ നേതൃയോഗത്തിലാണ് സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം ഉയർന്നത്. അഖിലേന്ത്യ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ജനപ്രതിനിധികൾ അടക്കമുള്ള ഐ.എൻ.എൽ നേതാക്കളുടെ വിമർശനം.

ഐ.എൻ.എൽ രണ്ടായി പിളർന്നതോടെ രണ്ട് സംഘടനകളെയും പരസ്പരം തമ്മിലടിപ്പിച്ച് കാര്യം നേടാനാണ് സി.പിഎം ശ്രമിക്കുന്നതെന്ന ആരോപണവും യോഗത്തിൽ ഉയർന്നു. എൽ.ഡി.എഫ് യോഗങ്ങളിൽ പോലും മതിയായ പരിഗണന നൽകിയില്ല. സംഘടനയിൽ നിന്നും തെറ്റിപ്പിരിഞ്ഞ വിഭാഗത്തേയും ചേർത്തു നിർത്തിയാലേ യോഗത്തിൽ പരിഗണിക്കാനാവൂ എന്നത് എന്ത് ന്യായമാണെന്നും അംഗങ്ങൾ ചോദിച്ചു.

ചെറിയ ഘടക കക്ഷികൾക്ക് പോലും 9 വീതം ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉണ്ട്. എന്നാൽ ഐ.എൻ.എല്ലിന് അനുവദിച്ചത് രണ്ട് എണ്ണം മാത്രം. മുന്നണിയിലെ മറ്റ് ഘടക കക്ഷികളെപ്പോലെ പാർട്ടിയേയും പരിഗണിക്കാൻ എൽ.ഡി.എഫിൽ സമ്മർദം ചെലുത്തണം. അല്ലാത്ത പക്ഷം മുന്നണി വിടുന്നതാണ് നല്ലതെന്നും നേതാക്കൾ പറഞ്ഞു. കെ.എസ്. ഫക്രുദ്ധീൻ ഹാജി, സംസ്ഥാന ട്രഷറർ ബി. ഹംസ ഹാജി, സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. ഇബ്രാഹിം തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ നേതൃയോഗം.

LEAVE A REPLY

Please enter your comment!
Please enter your name here