ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവനിരയുമായി ഇറങ്ങിയ ഇന്ത്യക്ക് 13 റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി. സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന് പിന്നാലെ യുവനിര സിംബാബ്‌വെയ്ക്ക് മുന്നില്‍ അവിശ്വസനീയമായി തകര്‍ന്നടിഞ്ഞത് ആരാധകരെ ഞെട്ടിച്ചു. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും 29 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറും ഒഴികെ മറ്റാരും ഇന്ത്യന്‍ നിരയില്‍ പൊരുതിയില്ല.
സിംബാബ്‌വെക്കായി ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ചതാരയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ സിംബാബ്‌വെ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം നാളെ ഇതേ ഗ്രൗണ്ടില്‍ നടക്കും. ടി20യില്‍ ഈ വര്‍ഷം ഇന്ത്യ നേരിടുന്ന ആദ്യ തോല്‍വിയാണിത്. സ്കോര്‍ സിംബാബ്‌വെ 20 ഓവറില്‍ 115-9, ഇന്ത്യ 19.5 ഓവറില്‍ 102ന് ഓള്‍ ഔട്ട്.
തുടക്കത്തിലെ തരിപ്പണം
116 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഐപിഎല്ലില്‍ തകര്‍ത്തടിച്ച അഭിഷേക് ശര്‍മയെ(0) ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ നഷ്ടമായി. നാലു പന്ത് നേരിട്ടെങ്കിലും റണ്ണൊന്നും എടുക്കാതെയാണ് അഭിഷേക് മടങ്ങിയത്.റുതുരാജ് ഗെയ്ക്‌വാദും ഗില്ലും ചേര്‍ന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയെങ്കിലും നാലാം ഓവറില്‍ റുതുരാജിനെ(7) മടക്കി മുസര്‍ബാനി ഇന്ത്യയ്ക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. അടുത്ത ഓവറില്‍ അരങ്ങേറ്റക്കാരന്‍ റിയാന്‍ പരാഗ്(2) ചതാരക്ക് മുന്നില്‍ വീണു. അതേ സ്കോറില്‍ റിങ്കു സിംഗ് കൂടി പൂജ്യനായി മടങ്ങിയതോടെ 22-4ലേക്ക് വീണ ഇന്ത്യ ഞെട്ടി.
അരങ്ങേറ്റക്കാരന്‍ ധ്രുവ് ജുറെലിനും അധികം ആയുസണ്ടായില്ല. 14 പന്തില്‍ ഏഴ് റണ്‍സെടുത്ത ജുറെല്‍ പുറത്താവുമ്പോള്‍ ഇന്ത്യ പത്താം ഓവറില്‍ 43-5 എന്ന പരിതാപകരമായ നിലയിലായിരുന്നു. 31 റണ്‍സുമായി പൊരുതി നിന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ സ്കോര്‍ 50 കടക്കും മുമ്പെ വീണതോടെ ഇന്ത്യ നാണംകെട്ട തോല്‍വിയുടെ വക്കത്തായി.വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയിയെയും(9) ആവേശ് ഖാനെയും(12) കൂട്ടുപിടിച്ച് നടത്തിയ ചെറുത്തുനില്‍പ്പ് ഇന്ത്യയെ 100 കടത്തി. ഒരു വിക്കറ്റ് ശേഷിക്കെ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുസര്‍ബാനി എറിഞ്ഞ അവസാന ഓവറില്‍ 27 റണ്‍സെടുത്തസുന്ദര്‍ വീണതോടെ ഇന്ത്യ തലകുനിച്ചു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തു.29 റണ്‍സുമായി പുറത്താകാതെ നിന്ന ക്ലൈവ് മദാൻഡെ സിംബാബ്‌വെയുടെ ടോപ് സ്കോററായപ്പോള്‍ 23 റണ്‍സ് വീതമെടുത്ത ബ്രയാന്‍ ബെന്നറ്റും ഡിയോണ്‍ മയേഴ്സും സിംബാബ്‌വെക്കായി പൊരുതി. ക്യാപ്റ്റൻ സിക്കന്ദര്‍ റാസ 17 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കായി രവി ബിഷ്ണോയി 13 റണ്‍സിന് നാലു വിക്കറ്റെടുത്തു.