ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷത്തിന്റെ ശക്തി വർധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷത്തോടുള്ള പ്രതികരണങ്ങൾ കരുതി വേണമെന്നും പ്രതികരണങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ നടപടികളുടെ തുടര്‍ച്ചകൾ ചര്‍ച്ച ചെയ്യാൻ ചേർന്ന എൽഡിഎഫ് പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം കാര്യവട്ടം ക്യാമ്പസിലെ അക്രമണത്തെ ചൊല്ലി നിയമസഭയിൽ ഇന്ന് വാക്‌പോര് ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലാണ് വാക്പോര് നടന്നത്. ക്യാമ്പസിലെ അക്രമണത്തിൽ എസ്എഫ്ഐയെ മുഖ്യമന്ത്രി ന്യായീകരിച്ചു. നവകേരള സദസുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷങ്ങൾ രക്ഷാപ്രവർത്തനമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. വണ്ടി തട്ടാതിരിക്കാനാണ് പിടിച്ചു മാറ്റിയതെന്നാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. മുഖ്യമന്ത്രിയുടെ സഭയിലെ പ്രസംഗം കാമ്പസുകളിലെ അതിക്രമങ്ങൾക്ക് സംരക്ഷണം നൽകുന്നതാണെന്ന് വിഡി സതീശന്‍ പറഞ്ഞു.
പൂക്കോട് സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിലെ കേസിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി കിട്ടിയത് കോടതിയും യൂണിവേഴ്സിറ്റിയും തീരുമാനിച്ച കാര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്‍റെ വിഷയമല്ല അത്, അതിൽ സർക്കാരിന് എന്തു ഉത്തരവാദിത്തമാണ് ഉള്ളതെന്നും മുഖ്യമന്ത്രി നിയമസഭയിൽ ചോദിച്ചു. ‘ഇടിമുറിയിലൂടെ വളർന്നുവന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ. പണ്ട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിറഞ്ഞുനിന്ന സംഘടനയായിരുന്നില്ലെ കെഎസ്‌യു പിന്നെങ്ങനെയാണ് നിങ്ങൾ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.