ട്വന്റി-20 ലോകകപ്പ്: ഫൈനലിൽ തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് 10.67 കോടി സമ്മാനം; വിജയിച്ച ഇന്ത്യയ്‌ക്കോ..?

0
133

ടീം ഇന്ത്യ ടി-20 ലോകകപ്പ് വീണ്ടുമുയര്‍ത്തി. 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് രോഹിതും സംഘവും കുട്ടിക്ക്രിക്കറ്റിന്റെ ലോകകിരീടമണിഞ്ഞത്. ഇന്ത്യന്‍ ടീമിനും ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്കും തീര്‍ത്തും വൈകാരികമായിരുന്നു ഈ വിജയം. വിജയാഘോഷങ്ങളുടെ അലകള്‍ ഇനിയും ഒടുങ്ങിയിട്ടില്ല.

ഏത് ലോകകപ്പ് ടൂര്‍ണമെന്റും അവസാനിക്കുമ്പോള്‍ ആരാധകരില്‍ ആകാംക്ഷയുണര്‍ത്തുന്ന കാര്യമാണ് അതിന്റെ സമ്മാനത്തുക. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച സംഘത്തേയും കാത്തിരിക്കുന്നത് കോടികളാണ്. ഇന്ത്യയ്ക്ക് മാത്രമല്ല, ഫൈനലില്‍ പൊരുതിക്കീഴടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും സെമി ഫൈനല്‍ വരെ എത്തിയ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും ആകര്‍ഷകമായ തുക സമ്മാനമായി ലഭിക്കും.

ഓരോ ടീമുകൾക്കും എത്ര കിട്ടും?

സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും 7,87,500 ഡോളറാണ് ലഭിക്കുക. ഇന്നത്തെ വിനിമയനിരക്കനുസരിച്ച് ഏകദേശം 6.56 കോടി ഇന്ത്യന്‍ രൂപയാണ് ഇത്. റണ്ണര്‍ അപ്പായ ദക്ഷിണാഫ്രിക്കന്‍ ടീമിന് 1.28 മില്യണ്‍ ഡോളര്‍ അഥവാ 10.67 കോടി രൂപ ലഭിക്കും. ഇത്തവണത്തെ ഐ.സി.സി. ട്വന്റി ട്വന്റി ലോകകപ്പ് വിജയികളായ ഇന്ത്യയ്ക്ക് ലഭിക്കുക 2.45 മില്യണ്‍ ഡോളറാണ്. അതായത് 20.42 കോടി രൂപ.

സൂപ്പര്‍ എട്ടില്‍ എത്തിയ ടീമുകള്‍ക്ക് 3.16 കോടി രൂപ, ഒമ്പത് മുതല്‍ 12 വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് രണ്ടുകോടി രൂപ, 13 മുതല്‍ 20 വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് 1.87 കോടി രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനത്തുകകള്‍. കൂടാതെ ഓരോ മത്സരവും ജയിക്കുമ്പോള്‍ ടീമിന് 26 ലക്ഷം രൂപ ബോണസും ലഭിക്കും. ഇത്തവണത്തെ ടി-20 ലോകകപ്പ് ടൂര്‍ണമെന്റില്‍ ആകെ നല്‍കുന്ന സമ്മാനത്തുക 11.25 മില്യണ്‍ ഡോളര്‍ അഥവാ 93.78 കോടി രൂപയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here