മംഗളൂരു : മംഗളൂരുവിൽ കനത്ത മഴയിലും കാറ്റിലും പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റ് രണ്ട് ഓട്ടോഡ്രൈവർമാർ മരിച്ചു. ഹാസൻ സ്വദേശി രാജു പാല്യ (50), പുത്തൂർ സ്വദേശി ദേവരാജ് ഗൗഡ (46) എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഒൻപതോടെയായിരുന്നു സംഭവം. റൊസാരിയോ പള്ളിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇരുവരും ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് അപകടം. മുറിയിൽനിന്ന് ഇറങ്ങിയ രാജു ഷോക്കേറ്റ് നിലവിളിച്ചപ്പോൾ രക്ഷിക്കാനായി ശ്രമിച്ച ദേവരാജും അപകടത്തിൽപെടുകയായിരുന്നു.
രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ മംഗളൂരുവിലും ഉഡുപ്പിയിലും വൻ നാശമാണ് ഉണ്ടായത്. മംഗളൂരു ജപ്പിനമൊഗരുവിലെ താഴ്ന്ന പ്രദേശങ്ങളിലും ദോമ്പാടബലിവയലിന് സമീപത്തെ വീടുകളിലും വെള്ളം കയറി. മംഗളൂരു ജങ്‌ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന പ്രധാന വഴിയായ പടീലിലെ അടിപ്പാതയിൽ വെള്ളം കയറിയതോടെ മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഉഡുപ്പിയിലെ മൽപെ, ഇന്ദ്രാണി, പണ്ടുബെട്ടു, മൂടുബെട്ടു, ബെന്നാജെ, മണിപ്പാൽ, ബെയ്‌ലക്കരെ എന്നിവിടങ്ങളിലും വെള്ളം കയറി.