ഗൂഗിള്‍ മാപ്പ് വീണ്ടും ചതിച്ചു; സ്വിഫ്റ്റ് കാര്‍ ഒഴുക്കില്‍പ്പെട്ടത് മലവെള്ളപ്പാച്ചിലില്‍; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

0
123

കാസര്‍ഗോഡ് ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ യാത്രക്കാര്‍ ഒഴുക്കില്‍പ്പെട്ടു. മലയോര ഹൈവേ എടപ്പറമ്പ് കോളിച്ചാല്‍ റീച്ചില്‍ കൈവരിയില്ലാത്ത പള്ളഞ്ചിപ്പാലം കടക്കുന്നതിനിടെയാണ് സ്വിഫ്റ്റ് കാറും യാത്രക്കാരും ഒഴുക്കില്‍പ്പെട്ടത്. കാര്‍ യാത്രക്കാരായിരുന്ന രണ്ട് യുവാക്കളും അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ ഏഴാംമൈല്‍ സ്വദേശി തസ്രിഫ്, അമ്പലത്തറ സ്വദേശി അബ്ദുള്‍ റഷീദ് എന്നിവരാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. രാവിലെ 6ന് ആയിരുന്നു അപകടം സംഭവിച്ചത്. കനത്ത മഴയെ തുടര്‍ന്ന് പള്ളഞ്ചി പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകിയിരുന്നത്. എന്നാല്‍ പാലം വ്യക്തമായിരുന്നതിനാല്‍ വാഹനം പാലത്തില്‍ കയറ്റുകയായിരുന്നു.

വാഹനം പാലത്തില്‍ കയറ്റിയതിന് പിന്നാലെയെത്തിയ മലവെള്ളപ്പാച്ചിലില്‍ കാര്‍ തെന്നിനീങ്ങി പുഴയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാരന്‍ തന്നെയാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. തുടര്‍ന്ന് യാത്രക്കാര്‍ കാറിന്റെ ഡോര്‍ തുറന്ന് വെള്ളത്തിലേക്ക് ചാടുകയായിരുന്നു.

പുഴയ്ക്ക് ഇരുവശവും സംരക്ഷിത വനമേഖലയാണ്. കാറില്‍ നിന്ന് പുഴയിലേക്ക് ചാടിയ യാത്രക്കാര്‍ പുഴയ്ക്ക് നടുവിലെ മരത്തില്‍ പിടിച്ച് കയറി. അഗ്നിശമന സ്ഥലത്തെത്തുമ്പോള്‍ ഇരു യാത്രക്കാരും മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു. അതേസമയം കാര്‍ അപ്പോഴേക്കും നൂറ് മീറ്ററോളം ഒഴുകി മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here