Friday, September 20, 2024
Home Latest news എല്ലാ ഉപകരണങ്ങൾക്കും ഒരേ മോഡൽ ചാർജർ എന്ന നിയമം നടപ്പിലാക്കാനൊരുങ്ങി ഇന്ത്യ

എല്ലാ ഉപകരണങ്ങൾക്കും ഒരേ മോഡൽ ചാർജർ എന്ന നിയമം നടപ്പിലാക്കാനൊരുങ്ങി ഇന്ത്യ

0
108

ഡൽഹി: ഇന്ത്യയിൽ സ്മാർട്‌ഫോണുകൾക്കും ടാബ് ലെറ്റുകൾക്കും ഒരേ ചാർജർ വേണമെന്ന നയം നടപ്പിലാക്കാനൊരുങ്ങുന്നു. അടുത്ത വർഷം മുതലാകും(2025) ഈ നയം നടപ്പിലാക്കുക. നേരത്തെ യൂറോപ്യൻ യൂണിയനും സമാന നയം നടപ്പിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആപ്പിൾ, തങ്ങളുടെ ലൈറ്റ്നിങ് കേബിൾ മാറ്റി ടൈപ് സി പോർട്ടിലേക്ക് മാറാൻ നിർബന്ധിതരാകുകയായിരുന്നു.

2022ലാണ് യൂറോപ്യൻ യൂണിയൻ ഒരേ ചാർജർ എന്ന നിയമം നടപ്പിലാക്കിയത്. ആ വർഷം അവസാനത്തോടെ നിയമം പ്രാബല്യത്തിലായി. ഒന്നിലധികം ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഒരു കേബിൾ ഉപയോഗിക്കാൻ ഉപയോക്താക്കളെ പ്രാപ്തരാക്കുകയാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.

ഇ-മാലിന്യം കുറയ്ക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണിത്. ലാപ്‌ടോപ്പ് നിർമാതാക്കൾക്കും ടൈപ്പ് സി ചാർജിങ് പോർട്ടിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും 2026 ഓടെയാണ് ഇത് പ്രാബല്യത്തിൽ വരിക. സ്മാർട് വാച്ചുകൾ, ഫീച്ചർ ഫോണുകൾ എന്നിവയ്ക്ക് ഈ നിർദേശം ബാധകമാവില്ല. ഇലക്ട്രിക് ഉപകരണങ്ങൾക്കെല്ലാം ഒരേ ഉപകരണം നിർബന്ധമാക്കുന്നതിന്റെ ഭാഗമായി 2022 ഓഗസ്റ്റിൽ കേന്ദ്രസർക്കാർ ഒരു വിദഗ്ധ സംഘത്തെ പഠനറിപ്പോർട്ട് തയ്യാറാക്കുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു.

മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണ നിർമാതാക്കളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു ഇത്. ഒരേ മോഡൽ ചാർജർ ഉപയോഗിക്കുന്നതിലൂടെ ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. പുതിയ നയം നിലവിൽ വരുന്നതോടെ ഉപഭോക്താവ് തന്റെ സ്മാർട്‌ഫോണിനും, ലാപ്‌ടോപ്പിനും ടാബിനും മറ്റ് ഉപകരണങ്ങൾക്കുമായി ഒരു ചാർജർ മാത്രം കയ്യിൽ കരുതിയാൽ മതിയാവും.

LEAVE A REPLY

Please enter your comment!
Please enter your name here