മാവൂർ: മാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെമുറിയിൽ മാലിന്യച്ചാക്ക് കൊണ്ടുവെച്ച് പ്രതിഷേധിച്ചു. മാവൂർ പഞ്ചായത്തിലെ പതിമ്മൂന്നാം വാർഡിൽ താമസിക്കുന്ന മീമുള്ളപ്പാറ കാരുണ്യത്തിൽ ജയകുമാർ ആണ് പ്ലാസ്റ്റിക് കവറുകൾ അടങ്ങിയ മാലിന്യച്ചാക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽകൊണ്ടുവെച്ചത്. വീട്ടിൽനിന്ന് പ്ലാസ്റ്റിക് കവറുകൾ അടക്കമുള്ള മാലിന്യം ശേഖരിച്ച് ആഴ്ചകളായിട്ടും വീടിന്റെ മുൻപിൽനിന്നും എടുത്തുകൊണ്ടുപോകാൻ ഹരിത കർമസേന തയ്യാറായിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
ഒട്ടേറെ തവണ ഇവരോടും പഞ്ചായത്ത് അധികൃതരോടും പറഞ്ഞിട്ടും തയ്യാറാവാത്തതിനെത്തുടർന്നാണ് പ്രതിഷേധം എന്നനിലയിൽ മുറിയിൽ മാലിന്യച്ചാക്ക് കൊണ്ടുവെച്ചത്. ഇങ്ങനെ ഇവർ സംഭരിച്ച് കൊണ്ടുവെക്കുന്ന മാലിന്യച്ചാക്കുകൾ തെരുവുനായകളും കാക്കയും മറ്റും കൊത്തിവലിച്ച് പറമ്പിലും റോഡിലും മുഴുവൻ കൊണ്ടിടുകയാണെന്നും ഇതുകാരണം തെരുവുനായ്ക്കളുടെ ശല്യവും വളരെയധികം കൂടുതലാണെന്നും ജയകുമാർ പറഞ്ഞു.
പ്രതിഷേധം വിവാദമായതോടെ കൂട്ടിയിട്ട മാലിന്യമടങ്ങിയ ചാക്ക് കെട്ടുകൾ ഉച്ചയ്ക്കുശേഷം ഹരിത കർമസേനാംഗങ്ങൾ എടുത്തുകൊണ്ടുപോയി.
18 വാർഡുകളിൽനിന്നും മാലിന്യം ശേഖരിക്കുവാൻ ഉണ്ടാകുന്ന കാലതാമസംകൊണ്ടാണ് ഇങ്ങനെ പല സ്ഥലങ്ങളിലും സംഭരിച്ചുവെക്കേണ്ടി വരുന്നതെന്ന് അധികൃതർ പറഞ്ഞു. മാവൂർ പോലീസ് സ്ഥലത്തെത്തിയെങ്കിലും പഞ്ചായത്ത് അധികൃതർ പരാതിയില്ല എന്ന് എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടില്ല.