ടി20 ലോകകപ്പിലെ പാകിസ്ഥാന്‍ ടീമിന്റെ മോശം പ്രകടത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ടീം ക്യാപ്റ്റന്‍ ബാബര്‍ അസം അസ്വസ്തനെന്ന് റിപ്പോര്‍ട്ടുകള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാമെങ്കില്‍ അദ്ദേഹം ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോകുന്നെന്നാണ് അറിയുന്നത്. മുന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കും യൂട്യൂബേഴ്‌സിനുമെതിരെ അദ്ദേഹം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ടി20 ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനം അവരുടെ ടി20 യോഗ്യതയെക്കുറിച്ച് ധാരാളം ചോദ്യങ്ങള്‍ ഉയര്‍ത്തി. 2022 ലെ ടി20 ലോകകപ്പ് റണ്ണേഴ്‌സ് അപ്പ് തന്റെ ടീമിനെ സൂപ്പര്‍ 8-ല്‍ പോലും പ്രവേശിക്കുന്നതില്‍ പരാജയപ്പെട്ട് പുറത്തായി. പാകിസ്താന്റെ ടി20 ലോകകപ്പ് കാമ്പെയ്ന്‍ ഫലങ്ങളില്‍ അടിസ്ഥാനമാക്കി മുന്‍ കളിക്കാരും ആരാധകരും ബാബറിനെയും ടീമിനെയും വിമര്‍ശിച്ചു.
ഗ്രൂപ്പ് എയില്‍ ഇന്ത്യ, സഹ-ആതിഥേയരായ യുഎസ്എ, കാനഡ, അയര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പമായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രനം അമേരിക്കയോടും ഇന്ത്യയോടും തോറ്റ് അവര്‍ കാര്യങ്ങള്‍ അപകടത്തിലാക്കി. തുടര്‍ന്ന് അവരെ ഭാഗ്യവും കൈവിട്ടപ്പോള്‍ അമേരിക്കയില്‍നിന്നും നിരാശരായി വിമാനം കയറാനായി അവരുടെ വിധി.
ടീമിന്റെ ഐക്യമില്ലായ്മ ചൂണ്ടിക്കാട്ടി പാക് പരിശീലകന്‍ ഗാരി കിര്‍സ്റ്റണ്‍ തന്നെ രംഗത്തുവന്നിരുന്നു. ടൂര്‍ണമെന്റില്‍നിന്നും പുറത്തായിട്ടും പാക് ടീമിലെ 15 അംഗങ്ങളില്‍ ചിലര്‍ യുഎസില്‍ തങ്ങളുടെ താമസം ദീര്‍ഘിപ്പിച്ചു. നാസിം ഷായും ഉസ്മാന്‍ ഖാനും വഹാബ് റിയാസും ജൂണ്‍ 19 ന് പ്രൈവറ്റ് എയര്‍ലൈന്‍ വിമാനത്തിലാണ് ലാഹോറിലെത്തിയത്. ബാബര്‍, ഇമാദ് വസീം, ഹാരിസ് റാവുഫ്, ഷാദാബ്, ആസം ഖാന്‍ എന്നിവര്‍ ജൂണ്‍ 22 ന് പുറപ്പെടും.