കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസില്‍ അറസ്റ്റിൽ

0
143

ബെംഗളൂരു: കൊലപാതക്കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശന്‍ അറസ്റ്റില്‍.ചിത്രദുര്‍ഗ സ്വദേശിയായ രേണുക സ്വാമി എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് നടനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ദര്‍ശനെ കൂടാതെ കേസുമായി ബന്ധപ്പെട്ട 10 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

മൈസൂരിലെ ഫാം ഹൗസിൽ നിന്നാണ് ദർശനെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജൂൺ 8നാണ് രേണുക കൊല്ലപ്പെടുന്നത്. പിറ്റേദിവസം കാമാക്ഷിപാളയക്ക് സമീപമുള്ള അഴുക്കുചാലിൽ മൃതദേഹം കണ്ടെത്തി.ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തെരുവ് നായകള്‍ അഴുക്കുചാലിൽ നിന്ന് മൃതദേഹം കടിച്ചുപറിക്കുന്നത് വഴിയാത്രക്കാർ കണ്ട് പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹം ആരുടെതാണെന്ന് അന്വേഷിക്കുന്നതിനിടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗിരിനഗർ സ്വദേശികളായ മൂന്ന് പേർ തിങ്കളാഴ്ച പോലീസിന് മുന്നിൽ കീഴടങ്ങിയതായി സൂചനയുണ്ട്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് മൂവരും പറഞ്ഞു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തിയത്.നടൻ ദർശൻ്റെ നിർദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികൾ വെളിപ്പെടുത്തിയത്.

നടി പവിത്ര ഗൗഡയുമായി ബന്ധപ്പെടുത്തി ദര്‍ശന്‍റെ ഭാര്യ വിജയലക്ഷ്മിക്ക് രേണുക സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും ഇതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നുമാണ് വിവരം. വിജയലക്ഷ്മിയും പവിത്രക്കെതിരെ രംഗത്തെത്തിയിരുന്നു. ദര്‍ശനും പവിത്രയും സുഹൃത്തുക്കളാണെന്ന് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രേണുക സന്ദേശങ്ങള്‍ അയക്കാറുണ്ടെന്ന് മനസിലാക്കിയ ദർശൻ ചിത്രദുർഗയിലെ ഫാൻസ് അസോസിയേഷൻ പ്രസിഡൻ്റിനെ ഫോണിൽ വിളിച്ചു. ചിത്രദുർഗയിൽ നിന്ന് നഗരത്തിലെത്തിച്ച പെൺകുട്ടിയെ ശനിയാഴ്ച ഷെഡിനുള്ളിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയിൽ തള്ളുകയായിരുന്നു.

നേരത്തെ വളര്‍ത്തുനായകളെ ഉപയോഗിച്ച് യുവതിയെ ആക്രമിച്ചെന്ന പരാതിയില്‍ ദര്‍ശനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തിരുന്നു. വീടിനു സമീപം കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ദർശന്റെ സഹായികളുമായി വാക്കുതർക്കമുണ്ടായതിനു പിന്നാലെ അവിടത്തെ വളർത്തുനായകൾ തന്നെ ആക്രമിച്ചെന്നു യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

നിര്‍മാതാവ് കൂടിയായ ദര്‍ശന്‍ തൂഗുദീപ പ്രൊഡക്ഷൻസ് എന്ന പ്രൊഡക്ഷൻ ഹൗസിന്‍റെ ഉടമ കൂടിയാണ്. മികച്ച നടനുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അനതാരു (2007), ക്രാന്തിവീര സങ്കൊല്ലി രായണ്ണ (2012), കാറ്റേര (2023) തുടങ്ങിയ കന്നഡ ചിത്രങ്ങളിലൂടെയാണ് ദര്‍ശന്‍ ശ്രദ്ധേയനാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here