മഞ്ചേശ്വരം : മഴ കനത്തതോടെ ഉപ്പളയിൽ ദേശീയപാതയുടെ അടിപ്പാതയിലും സർവീസ് റോഡിലും വെള്ളക്കെട്ട്. നയാബസാറിൽ അടിപ്പാതയിലും സർവീസ് റോഡിലും വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും യാത്ര ദുരിതമാകുന്നു. മഴ ശക്തമായതിനാൽ അടിപ്പാതയിൽ ഒന്നരയടിവരെ വെള്ളം കെട്ടിനിൽക്കുകയാണ്.
വിദ്യാർഥികളും താലൂക്ക് ആസ്പത്രിയിൽ എത്തുന്ന രോഗികളും നാട്ടുകാരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഉപ്പള ഗേറ്റിലും സ്ഥിതി വ്യത്യസ്തമല്ല. മഴ പെയ്താൽ അടിപ്പാത മുഴുവനും വെള്ളംകയറുകയാണ്. ഇവിടെ സ്കൂൾ കുട്ടികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഉപ്പള, മൂസോടി സ്കൂളുകളിലേക്കുള്ള വിദ്യാർഥികൾ, കാൽനടയാത്രക്കാർ, ചെറുവാഹനങ്ങളിൽ യാത്രചെയ്യുന്നവർ എന്നിവർ വെള്ളക്കെട്ടിൽ വലയുകയാണ്.
രണ്ടാഴ്ച മുൻപ് കനത്ത മഴയിൽ ഉപ്പള ടൗണിൽ കടകളിൽ വെള്ളംകയറിയിരുന്നു. പിന്നീട് ദേശീയപാതാ അധികൃതർ ഇടപെട്ട് വെള്ളം ഓവുചാലുകളിലൂടെ തിരിച്ചുവിടാൻ സംവിധാനമൊരുക്കിയിരുന്നു. മഴ ശക്തമായി പെയ്യുമ്പോൾ ടൗണിൽ വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. ദേശീയപാതയിൽ പണി പൂർത്തിയായ ഭാഗങ്ങളിൽ ഡിവൈഡറുകൾ സ്ഥാപിച്ചതിനാൽ എതിർവശത്തെത്താൻ കാൽനടയാത്രക്കാർ ഏറെ വിഷമിക്കുകയാണ്. അടിപ്പാതകളിലേക്കെത്താൻ ഏറെ ദൂരം സഞ്ചരിക്കേണ്ടിയുംവരുന്നു. ഒപ്പം വെള്ളക്കെട്ടുകൂടി ആകുമ്പോൾ ദുരിതം ഇരട്ടിക്കുകയാണ്.