തുടർച്ചയായ പത്ത് പരാജയങ്ങള്‍, പതിനൊന്നാം ശ്രമത്തില്‍ പത്താം ക്ലാസ് വിജയം; ആഘോഷമാക്കി നാട്ടുകാരും

0
159

നിരന്തര പരാജയങ്ങള്‍ക്കൊടുവില്‍ വിജയം നേടുമ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരിക്കും. മഹാരാഷ്ട്രയിലെ ബീഡ് സിറ്റിയിലെ കൃഷ്ണ നാംദേവ് മുണ്ടെ അത്തരമൊരു സന്തോഷത്തിലൂടെയാണ് കടന്ന് പോകുന്നത്. നിരന്തരമായ പത്ത് പരാജയങ്ങള്‍ക്ക് ശേഷം കൃഷ്ണ നാംദേവ് പത്താം തരം പരീക്ഷ പാസായിരിക്കുന്നു. കൃഷ്ണയുടെ നിരന്തര ശ്രമങ്ങള്‍ക്ക് ഒപ്പം നിന്ന നാട്ടുകാര്‍ ഒടുവില്‍ ആ വിജയം ആഘോഷിക്കാന്‍ തീരുമാനിച്ചു. ആ ആഘോഷത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

കുഗ്രാമമായ ബീഡിലുടനീളം ആഘോഷം അലയടിച്ചു. കൃഷ്ണ നാംദേവുമായി നാട്ടുകാര്‍ പ്രകടനം നടത്തിയ വീഡിയോകളാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായത്. നീണ്ട ജാഥയില്‍ ചിലര്‍ ചെറിയ വാദ്ധ്യോപകരണങ്ങള്‍ വായിക്കുന്നു. മറ്റ് ചിലര്‍ കൃഷ്ണയെ ചുമലിലേറ്റി നടക്കുന്നു. ഇതിനിടെ ചിലര്‍ നാട്ടുകാര്‍ക്ക് മധുരം വിതരണം ചെയ്യുന്നു. ആളുകളെ കാണുമ്പോള്‍ കൈ കൂപ്പി നന്ദി പറയാന്‍ ചിലര്‍ കൃഷ്ണയോട് പറയുന്നതും മുത്തശ്ശിമാര്‍ വന്ന് ആശിർവദിക്കുന്നതും വീഡിയോയില്‍ കാണാം. കുന്നിന്‍ പുറത്തുള്ള ഒരു ക്ഷേത്രത്തിലേക്ക് ജാഥ കയറിപ്പോകുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.

കൃഷ്ണ നാംദേവ് മുണ്ടയുടെ നിരവധി വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. ‘അഞ്ച് വർഷത്തിനുള്ളിൽ 10 ശ്രമങ്ങൾക്ക് ശേഷമാണ് അവന്‍ വിജയിച്ചത്. പക്ഷേ, എല്ലാ അവസരങ്ങളും അവന് നൽകാനായി എല്ലാ തവണയും ഞാന്‍ പരീക്ഷയ്ക്കുള്ള പണം അടച്ചു.’ കൃഷ്ണയുടെ അച്ഛന്‍ നാംദേവ് മുണ്ടെ പറഞ്ഞതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹമാണ് മകന്‍റെ വിജയാഘോഷത്തിനായി ജാഥ ആസൂത്രണം ചെയ്തതും. പറളി താലൂക്കിലെ രത്‌നേശ്വർ സ്‌കൂളിലാണ് കൃഷ്ണ നാംദേവ് മുണ്ടെ പഠിച്ചത്. മുമ്പ് എല്ലാത്തവണയും കൃഷ്മ ചരിത്രത്തിനായിരുന്നു തോറ്റ് കൊണ്ടിരുന്നത്. എന്നാല്‍ ഇത്തവണ അദ്ദേഹം ചരിത്ര വിഷയത്തിനും വിജയം കണ്ടു. ഈ വർഷം, 95.81 ശതമാനമാണ് മഹാരാഷ്ട്ര എസ്എസ്‌സി പരീക്ഷാ ഫലം. 15 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ മഹാരാഷ്ട്രയില്‍ പരീക്ഷ എഴുതിയത്.

LEAVE A REPLY

Please enter your comment!
Please enter your name here