കൊച്ചി: അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി. ഇത്തരം നിര്‍മാണങ്ങള്‍ സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടു. ഇത്തരം കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് തഹസില്‍ദാര്‍മാര്‍ വഴി കളക്ടര്‍ നിര്‍ദേശം നല്‍കണമെന്നും, ഇതിനായി ചീഫ് സെക്രട്ടറി കളക്ടര്‍മാരെ ചുമതലപ്പെടുത്തണമെന്നും കോടതി പറഞ്ഞു.
പ്ലാന്റേഷന്‍ ഭൂമിയില്‍ നിര്‍മിച്ചിട്ടുള്ള അനധികൃത ആരാധനാലയങ്ങല്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്.
സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള മതപരമായ കല്ലുകളും, കുരിശുകളും ഉള്‍പ്പടെയുള്ളവ കണ്ടെത്തി നീക്കാനാണ് നിര്‍ദേശം. ആറുമാസത്തിനകം ഇത്തരം നിര്‍മാണങ്ങള്‍ സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാക്കി അവ പൊളിച്ചുനീക്കാനാണ് നിര്‍ദേശം. ഇത്തരം നിര്‍മാണങ്ങള്‍ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കും കളക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള അധികൃതരെ വിവിരമറിയിക്കാമെന്നും കോടതി പറയുന്നു. മതപരമായ സാഹോദര്യം സംരക്ഷിക്കുന്നതിന് ഈ നടപടി അനിവാര്യമാണെന്ന് ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവില്‍ പറയുന്നു. നടപടി സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു വര്‍ഷത്തിനുള്ളില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.
പത്തനംതിട്ടയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമിയില്‍ തൊഴിലാളികള്‍ക്ക് ആരാധന നിര്‍വഹിക്കാനായി ചെറിയ ക്ഷേത്രങ്ങള്‍ നിര്‍മിച്ചിരുന്നു. എന്നാല്‍ ഇവ വിപുലപ്പെടുത്താന്‍ ചിലര്‍ ശ്രമങ്ങള്‍ ആരംഭിച്ചത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഹരജി നല്‍കിയത്. ക്ഷേത്രങ്ങള്‍ വിപുലപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ സര്‍ക്കാര്‍ ഭൂമി കൈയേറാനുള്ള ശ്രമങ്ങള്‍ നടന്നു എന്നും അത് സംഘര്‍ഷത്തിന് കാരണമായി എന്നും ഹരജിയില്‍ പറയുന്നു. പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി, മൊട്ടപ്പാറ, ചന്ദനതടിക്കല്‍ എന്നിവടങ്ങളിലാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമിയില്‍ ക്ഷേത്രങ്ങള്‍ ഉള്ളത്.
ഈ ക്ഷേത്രങ്ങള്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഭൂമിയിലായണെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ആരാധനാലയങ്ങള്‍ നിര്‍മിക്കാനാണെങ്കിലും സര്‍ക്കാര്‍ ഭൂമി കൈയേറുന്നത് ഭൂസംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. സ്വന്തം ശരീരത്തിലടക്കം ദൈവമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് വിശ്വാസികളില്‍ ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഭൂമി കൈയേറി ആരാധനാലയങ്ങള്‍ നിര്‍മിക്കേണ്ട ആവശ്യമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഒരു വിഭാഗത്തിന് മാത്രം സര്‍ക്കാര്‍ ഭൂമിയില്‍ ആരാധനാലയം നിര്‍മിക്കാന്‍ അനുമതി നല്‍കിയാല്‍ മറ്റു വിഭാഗങ്ങള്‍ക്കും അനുമതി നല്‍കേണ്ടി വരും. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. അതുകൊണ്ട് തന്നെ, ഏത് വിഭാഗത്തിനായാലും സര്‍ക്കാര്‍ ഭൂമിയില്‍ ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കരുതെന്നും കോടതി പറഞ്ഞു. ഇത്തരം ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്താല്‍ ദൈവം കൂടുതല്‍ സന്തോഷിക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
കേരളത്തില്‍ അനേകം ആരാധനാലയങ്ങള്‍ നിലവിലുണ്ടെങ്കിലും ഇപ്പോഴും കല്ലോ, കുരിശോ സര്‍ക്കാര്‍ ഭൂമിയില്‍ സ്ഥാപിച്ചുകൊണ്ട് പിന്നീട് അതിന് മതത്തിന്റെ നിറം നല്‍കുന്നത് തുടരുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവ പിന്നീട് വലിയ ആരാധനാലയങ്ങളായി മാറുന്നു എന്നും കോടതി പറഞ്ഞു.
ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം മതങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള അവകാശമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങള്‍ എത്രയും പെട്ടെന്ന് പൊളിച്ചുനീക്കണമെന്ന് ഉത്തരവിടുകയായിരുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ ആറ് മാസത്തിനകം ഒഴിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.