40 വയസ്സിനു താഴെയുള്ളവരില്‍ അര്‍ബുദം കൂടുന്നു; കൂടുതലും പുരുഷന്മാരെന്ന് പഠനം

0
453

നാല്‍പ്പത് വയസ്സില്‍ താഴെയുള്ളവരില്‍ അര്‍ബുദം കൂടുന്നതായി പഠനം. ഇവരില്‍ തന്നെ 60 ശതമാനവും പുരുഷന്മാരാണെന്ന് ഒരുകൂട്ടം അർബുദ ചികിത്സാ വിദഗ്ധർ ആരംഭിച്ച ദ കാന്‍സര്‍ മുക്ത് ഭാരത് ഫൗണ്ടേഷന്‌റെ പഠനം വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിച്ച ശേഷം വിദഗ്ധോപദേശത്തിനായി എന്‍ജിഒയുടെ സഹായം തേടി വിളിച്ചതില്‍ 20 ശതമാനവും നാല്‍പ്പതില്‍ താഴെ പ്രായമുള്ളവരായിരുന്നു. തലയിലും കഴുത്തിലുമുള്ള അര്‍ബുദം (26 ശതമാനം), ദഹന വ്യവസ്ഥയെ ബാധിക്കുന്ന അര്‍ബുദം (ഗ്യാസ്‌ട്രോ ഇന്‌റസ്‌റ്റൈനല്‍ -16 ശതമാനം), സ്താനാര്‍ബുദം (15 ശതമാനം), രക്താര്‍ബുദം (9 ശതമാനം) എന്നിവയാണ് ഇക്കൂട്ടരില്‍ കൂടുതലായി കണ്ടത്.

മാര്‍ച്ച് ഒന്നു മുതല്‍ മേയ് 15 വരെ കാൻസർ മുക്ത് ഭാരത് ഫൗണ്ടേഷനിലേക്കg സഹായംതേടി വിളിച്ചത് 1368 പേരാണ്. ഇതില്‍ 40 വയസ്സിനു താഴെയുള്ള അര്‍ബുദ രോഗികളില്‍ 60 ശതമാനവും പുരുഷന്മാരാണെന്നും പഠനം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കോളുകള്‍ ലഭിച്ചത് ഹൈദരാബാദില്‍ നിന്നാണ്. മീററ്റ്, മുംബൈ, ന്യൂഡല്‍ഹി എന്നിവയാണ് തൊട്ടുപിന്നില്‍.

അര്‍ബുദ രോഗികള്‍ക്കു സഹായം നല്‍കുന്നതിനായാണ് 93-555-20202 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ തുടങ്ങിയത്. ഇതിന്‌റെ സേവനം തികച്ചും സൗജന്യമാണ്. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് സേവനം ലഭിക്കുക.

”അർബുദ വിദഗ്ധരുമായി രോഗികള്‍ക്കു നേരിട്ട് സംസാരിക്കുകയോ അല്ലെങ്കില്‍ വീഡിയോ കോള്‍ വഴി ചികിത്സ സംബന്ധിച്ച സംശയങ്ങള്‍ പരിഹരിക്കുകയോ ചെയ്യാം. ഹെല്‍പ് ലൈന്‍ ഇന്ത്യയിലുടനീളമുള്ള അര്‍ബുദ രോഗികള്‍ക്കു സഹായ സംവിധാനമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ദിവസവും നൂറുകണക്കിനു കോളുകളാണ് ഹെല്‍പ് ലൈനിലേക്കു വന്നുകൊണ്ടിരിക്കുന്നത്,” കാന്‍സര്‍ മുക്ത് ഭാരത് കാമ്പയിന്‌റെ തലവനും പ്രമുഖ അർബുദ‍ ചികിത്സാ വിദഗ്ധനുമായ ഡോ. ആശിഷ് ഗുപ്ത പറയുന്നു.

അര്‍ബുദ ചികിത്സയില്‍ കൂടുതല്‍ ലക്ഷ്യം വച്ചുള്ള സമീപമുണ്ടാക്കാനും ഇന്ത്യയെ അർബുദ‍ മുക്തമാക്കാനും ഈ പഠനം സഹായിക്കും. ജീവിതശൈലി മാറ്റം, വാക്‌സിനേഷന്‍, ചികിത്സാ നിര്‍ണയം എന്നിവയിലൂടെ പ്രതിരോധിക്കാവുന്ന ഹെഡ് ആന്‍ഡ് നെക്ക് കാന്‍സറാണ് ഏറ്റവും വ്യപകമെന്ന് പഠനത്തിലൂടെ കണ്ടെത്തിയതായും ഡോ. ഗുപ്ത പറയുന്നു. സ്തനത്തിലെയും വന്‍കുടലിലെയും കാന്‍സറുകള്‍ പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിനു ചികിത്സാനിര്‍ണയ രീതികളുണ്ട്. നിര്‍ഭാഗ്യവശാല്‍, ഫലപ്രദമായ രോഗനിര്‍ണയ രീതിയുടെ കുറവ് കാരണം മൂന്നില്‍ രണ്ട് അര്‍ബുദങ്ങളും വളരെ വൈകിയാണ് കണ്ടുപിടിക്കപ്പെടുന്നതെന്നും ഡോ. ഗുപ്ത പറയുന്നു.

ഇന്ത്യയില്‍ രോഗനിര്‍ണയം നടത്തുന്ന 27 ശതമാനം കേസുകള്‍ അര്‍ബുദത്തിന്‌റെ ഒന്ന്, രണ്ട് ഘട്ടങ്ങളിലാണെങ്കിലും 63 ശതമാനം കേസുകള്‍ സ്‌റ്റേജ് മൂന്ന്, നാല് ഘട്ടങ്ങളിലാണ് കണ്ടെത്തുന്നത്. രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഭൂരിഭാഗം അര്‍ബുദ രോഗികളും ശ്രമിക്കുന്നത് ഒരു സെക്കന്‍ഡ് ഒപ്പീനിയന്‍ എവിടെനിന്നു ലഭിക്കും എന്നതാകും. അവരുടെ ചികിത്സ ശരിയായ രീതിയിലാണോ പോകുന്നത് എന്നറിയാനും ആഗ്രഹമുണ്ടാകും. ചിലര്‍ ഏറ്റവും പുതിയ ചികിത്സയും മരുന്നുമൊക്കെ പരിശോധിക്കുന്നുവെന്ന് ഡോ.ഗുപ്ത പറയുന്നു.

ഏറ്റവും സാധാരണമായ ചോദ്യം തങ്ങളുടെ അര്‍ബുദം ഏത് ഘട്ടത്തിലാണെന്നതു സംബന്ധിച്ചാണ്. അതിനെക്കുറിച്ച് രോഗികളില്‍ അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഈ രോഗം പിന്തുടര്‍ന്ന് വരാനുള്ള സാധ്യതയുണ്ടോയെന്ന സംശയവും രോഗികള്‍ ചോദിക്കാറുണ്ട്.

ബോധവത്കരണത്തിലൂടെയും നേരത്തെയുള്ള കണ്ടെത്തലിലൂടെയും വ്യക്തികളിലും സമൂഹത്തിലും അര്‍ബുദത്തിന്‌റെ ആഘാതം കുറയ്ക്കുകയാണ് കാന്‍സര്‍ മുക്ത് ഭാരത് കാംപയിന്‍ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഡോ. ഗുപ്ത പറയുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here