തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചി വില കുത്തനെ വർധിക്കുന്നു. ചിക്കന്റെയും ബീഫിന്റെയും വിലയിൽ ഒരാഴ്ചക്കിടെ 40 രൂപയോളമാണ് കൂടിയത്. വില വർധിച്ചതോടെ ഹോട്ടലുകളിലും വിഭവങ്ങളുടെ വില വർധിപ്പിച്ചു.
കനത്ത ചൂടിൽ ഫാമുകളിലെ കോഴികൾ കൂട്ടത്തോടെ ചത്തതാണ് വില വർദ്ധനവിന് കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ചെറുകിട ഫാമുകളിൽ കോഴികളുടെ ലഭ്യത തീരെ കുറഞ്ഞു. വൻകിട ഫാമുകളിൽ നിന്ന് കൂടിയ വിലക്ക് കോഴിയെത്തിച്ചാണ് വില്പന നടത്തുന്നത്.
ബീഫിന്‍റെ വിലയും കുത്തനെ ഉയർന്നു. തെക്കന്‍ കേരളത്തില്‍ 400 രൂപയുണ്ടായിരുന്ന ബീഫിന്‍റെ വില 460 ന് അടുപ്പിച്ചെത്തി. വിലകുത്തനെ കയറിയതോടെ മത്സ്യത്തിലേക്ക് തിരിയുകയാണ് പലരും. എന്നാല്‍ വീട്ടില്‍ മത്സ്യം വാങ്ങി പ്രശ്നം പരിഹരിക്കാമെങ്കിലും നാട് വിട്ട് താമസിച്ച്, ഹോട്ടലുകളെ ആശ്രയിച്ച് ഭക്ഷണം കഴിക്കുന്നവരെ വിലക്കയറ്റം കാര്യമായി ബാധിച്ചിട്ടുണ്ട്.
അതേസമയം മലബാറിലും ചിക്കനും ബീഫിനും തൊട്ടാൽ പൊള്ളുന്ന വിലയാണ്. കോഴിയിറച്ചിക്ക് ഒരാഴ്ചക്കിടെ 40 രൂപ കൂടി. പോത്തിറച്ചിക്ക് 80 രൂപ വരെയാണ് കൂടിയത്. എല്ലില്ലാത്ത പോത്തിറച്ചി ലഭിക്കാൻ 400 രൂപ കൊടുക്കണം. നേരത്തെ 320 രൂപയായിരുന്നു. കൂടിയത് 80 രൂപ. എല്ലില്ലാത്ത മൂരിയിറച്ചിയ്ക്ക് 380 രൂപയാണ്. കന്നുകാലികൾ ലഭിക്കാനില്ലെന്നും കച്ചവടക്കാർ പറയുന്നു