ചെന്നൈ: ഐപിഎല്‍ കിരീടപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ കീരിടം നേടുന്ന ടീമിനായി 2.07 കോടി രൂപ ബെറ്റുവെച്ച് കനേഡിയന്‍ ഗായകനും ഗ്രാമി അവാര്‍ഡ് ജേതാവുമായ ഡ്രേക്ക്. രണ്ടരലക്ഷം അമേരിക്കന്‍ ഡോളര്‍(ഏകദേശം 2.07 കോടി ഇന്ത്യന്‍ രൂപ) ആണ് ഡ്രേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടുമെന്ന് പറഞ്ഞ് ബെറ്റുവെച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ ക്രിപ്റ്റോ കറന്‍സി കാസിനോ ആയ സ്റ്റേക്ക്.കോമിലാണ് ഡ്രേക്ക് ബെറ്റ് വെച്ചിരിക്കുന്നത്. ബെറ്റില്‍ ജയിച്ചാല്‍ ഡ്രേക്കിന് ഏകദേശം 4.25 ലക്ഷം യുഎസ് ഡോളര്‍ ലഭിക്കും. മുമ്പ് ബാസ്കറ്റ് ബോള്‍, ഫുട്ബോള്‍, റഗ്ബി മത്സരങ്ങളില്‍ ഇത്തരത്തില്‍ ബെറ്റ് വെച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ക്രിക്കറ്റിൽ ബെറ്റുവെക്കുന്നതെന്ന് ഡ്രേക്ക് പറഞ്ഞു.
2022ല്‍ ഇസ്രയേല്‍ അഡീസന്യയും അലക്സ് പേരേരയും തമ്മിലുള്ള മിഡല്‍വെയ്റ്റ് ബോക്സിംഗ് മത്സരത്തില്‍ അഡീസന്യയക്കായി രണ്ട് മില്യണ്‍ ഡോളര്‍ ബെറ്റ് വെച്ച ഡ്രേക്കിന് പണം നഷ്ടമായിരുന്നു. എന്നാല്‍ ഈ വര്‍ഷം സൂപ്പര്‍ ബൗളില്‍ സാന്‍ഫ്രാൻസിസ്കോ 49നെതിരെ കന്‍സാസ് സിറ്റി തലവനായി ബെറ്റ് വെച്ച ഡ്രേക് വിജയിച്ചിരുന്നു.
ഞായറാഴ്ച ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ ഫൈനില്‍ ഹൈദരാബാദിനെതിര വ്യക്തമായ മുന്‍തൂക്കം ഇത്തവണ കൊല്‍ക്കത്തക്കുണ്ട്, ലീഗ് ഘട്ടത്തിൽ രണ്ട് തവണയും ക്വാളിഫയറിലും കൊല്‍ക്കത്ത ഹൈദരാബാദിനെ വീഴ്ത്തിയിരുന്നു. എന്നാല്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കൊണ്ട് മുന്നേറിയ ഹൈദരാബാദിനെതിരെ ഫൈനലില്‍ കൊല്‍ക്കത്തക്ക് വിജയം എളുപ്പമാവില്ലെന്നാണ് വിലയിരുത്തല്‍. സീസണില്‍ ഐപിഎല്ലിലെ എക്കാലത്തെയും വലിയ ടോട്ടലായ 287 റണ്‍സടിച്ച ഹൈദരാബാദിന് പക്ഷെ കൊല്‍ക്കത്തക്കെതിരെ നടന്ന മത്സരങ്ങളില്‍ 204, 166, 159 എന്നിങ്ങനെ സ്കോര്‍ ചെയ്യാനെ കഴിഞ്ഞിരുന്നുള്ളു. ചെന്നൈയിലെ സ്പിന്‍ പിച്ചില്‍ കൊല്‍ക്കത്ത സ്പിന്നര്‍മാരായ സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും ആയിരിക്കും ഹൈദരാബാദിന് വലിയ ഭീഷണിയാകുക.