പ്രജ്വലിന്റെ പാസ്‌പോട്ട് റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് കർണാടക; റെഡ് കോർണർ നോട്ടീസിൽ പ്രതീക്ഷയർപ്പിച്ച് ‌എസ്‌ഐടി

0
118

ലൈംഗികാതിക്രമ കേസിൽ പ്രതി ചേർക്കപ്പെട്ട പ്രജ്വൽ രേവണ്ണ  രാജ്യം വിട്ടിട്ട് ഒരു മാസമാകുകയാണ്. ഇതുവരെ പ്രജ്വലിനെ  കണ്ടെത്താനോ അറസ്റ്റു ചെയ്യാനോ സാധിക്കാതെ കുഴങ്ങുകയാണ് കർണാടക പൊലീസിലെ പ്രത്യേക  അന്വേഷണ സംഘം. സിബിഐ പുറപ്പെടുവിച്ച ബ്ലൂ കോർണർ നോട്ടീസ് കൊണ്ട് ചലനമൊന്നും കാണാതായതോടെ റെഡ്  കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം സിബിഐ. 

ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതി  പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ പിൻബലത്തിലാണ്  അന്വേഷണ സംഘം റെഡ് കോർണർ നോട്ടീസ്  പുറപ്പെടുവിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടത്. അറസ്റ്റ് വാറണ്ട് ഉള്ളതിനാൽ വിദേശ കാര്യ മന്ത്രാലയം ഇടപെട്ടാൽ പ്രജ്വലിന്റെ  നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ സാധിക്കും. നയതന്ത്ര പരിരക്ഷയിലാണ് പ്രജ്വൽ ഇപ്പോൾ ജർമനി  ഉൾപ്പടെയുള്ള  രാജ്യങ്ങളിൽ ഒളിവിൽ  കഴിയുന്നത്. ലോക്സഭാംഗം എന്ന നിലയ്ക്ക് ലഭിക്കുന്ന ഈ പരിരക്ഷ ഇല്ലാതായാൽ മാത്രമേ  വിദേശത്തു വെച്ച്  ഇന്റർ പോളിന് പ്രതിയെ പിടികൂടി  ഇന്ത്യയിലെ അന്വേഷണ സംഘത്തിന്  കൈമാറാൻ കഴിയുകയുള്ളൂ. പാസ്പോർട്ട്‌ റദ്ദാക്കാൻ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയാണ് കർണാടക ആഭ്യന്തര വകുപ്പ്. 

“പാസ്പോർട്ട് റദ്ദാകുന്നതോടെ നയതന്ത്ര പരിരക്ഷ ഇല്ലാതാകും. അറസ്റ്റു വാറണ്ട്  ഉള്ളതിനാൽ റെഡ് കോർണർ നോട്ടീസ് പ്രകാരം  പ്രജ്വലിനെ പിടികൂടി ഇന്ത്യയിൽ എത്തിക്കാൻ സാധിക്കും. വിദേശകാര്യ മന്ത്രാലയം പ്രതിയുടെ പാസ്പോർട്ട് റദ്ദ് ചെയ്യുന്നതോടെ പ്രതിക്ക് ഇന്ത്യയിലേക്ക് മടങ്ങാതെ രക്ഷയില്ല. രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്,” കർണാടക ആഭ്യന്തര മന്ത്രി ഡോ . ജി പരമേശ്വര പറഞ്ഞു. ലൈംഗികാതിക്രമം സിബിഐ അന്വേഷിക്കണമെന്ന ബിജെപി ആവശ്യം അദ്ദേഹം തള്ളി.

ഹൊള നരസിപുര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുൾപ്പടെ മൂന്നു എഫ് ഐ ആറുകളാണ് പ്രജ്വൽ രേവണ്ണക്കെതിരെ നിലവിലുള്ളത്. പത്തോളം സ്ത്രീകൾ  നേരത്തെ പരാതിയുമായി ആദ്യ ഘട്ടത്തിൽ രംഗത്തു  വന്നിരുന്നെങ്കിലും അപമാന ഭീതി കാരണം പലരും കേസ് വേണ്ടെന്നു വെച്ചു. നാനൂറോളം സ്ത്രീകളെ  ലൈംഗികാതിക്രമത്തിന് ഇരയാക്കി പ്രജ്വൽ മൂവായിരത്തോളം വീഡിയോകൾ  മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായാണ്  റിപ്പോർട്ട്. 

അതേസമയം, പ്രജ്വൽ രേവണ്ണ ഉടൻ മടങ്ങി എത്തണമെന്നും  നിയമനടപടി നേരിടണമെന്നും ജെഡിഎസ് ആവശ്യപ്പെട്ടു. മുത്തച്ഛൻ എച്ച് ഡി ദേവെ ഗൗഡയോട് ബഹുമാനമുണ്ടെങ്കിൽ  ഉടൻ കീഴടങ്ങണമെന്ന് വാർത്താ സമ്മേളനത്തിലൂടെ പാർട്ടി അധ്യക്ഷൻ എച്ച് ഡി കുമാരസ്വാമി അഭ്യർഥിച്ചു. പ്രജ്വൽ  വിഷയം വന്നപ്പോൾ ദേവെ ഗൗഡ രാജ്യസഭാ അംഗത്വം രാജി വെക്കാനൊരുങ്ങിയതാണെന്നും ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ചു പിന്തിരിപ്പിക്കുകയായിരുന്നെനും  കുമാരസ്വാമി വിശദീകരിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here