17 കാരൻ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പിതാവ്‍ അറസ്റ്റിൽ

0
68

മുംബൈ: പുനെ കല്യാണിന​ഗറിൽ 17 കാരൻ ഓടിച്ച കാർ ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിൽപോയ ഇയാളെ മഹാരാഷ്ട്രയിലെ സംഭാജിനഗറിൽ നിന്നാണ് പിടികൂടിയതെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറ‍ഞ്ഞു. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 കുട്ടികളോടുള്ള ക്രൂരത, 77 കുട്ടിക്ക് ലഹരിമരുന്ന് അല്ലെങ്കിൽ മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥം നൽകുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പിതാവിനെ അറസ്റ്റ് ചെയ്തതെന്ന് പുനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ 3.15 ഓടെയായിരുന്നു അപകടം നടന്നത്. അമിതവേഗതയിൽ വന്ന ആഡംബര കാർ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. അനിസ് അവാധ്യ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്. 17 കാരൻ അപകടസമയത്ത് മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി പോലീസ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ കൗമാരക്കാരനെതിരെ ഐപിസി സെക്ഷൻ 304 പ്രകാരവും മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.

റോഡപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതാൻ ആവശ്യപ്പെട്ട് 17 കാരന് അന്നുതന്നെ ജാമ്യം അനുവദിച്ച ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നടപടി വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here