ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ൽ അധികം സീറ്റ് നേടുമെന്ന ബിജെപിയുടെ അവകാശവാദത്തിൽനിന്ന് പിന്നാക്കം പോയി പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്നോ തോൽക്കുമെന്നോ താൻ ഒരിക്കലും അവകാശവാദം ഉന്നയിച്ചിട്ടില്ല. 400-ൽ അധികം സീറ്റ് നേടുമെന്ന് ആദ്യം പറഞ്ഞത് ജനങ്ങളാണെന്നും മോദി വിശദീകരിച്ചു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. 400-ൽ അധികം ലോക്സഭാ സീറ്റുകൾ എന്ന ബിജെപിയുടെ പ്രധാന മുദ്രാവാക്യത്തിന്റെ ഉത്ഭവം വിശദീകരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ തുറന്നുപറച്ചിൽ.
‘ജയിക്കുമെന്നോ തോൽക്കുമെന്നോ ഞാൻ മുമ്പും അവകാശപ്പെട്ടിട്ടില്ല. ഇത്തവണയും അത്തരമൊരു അവകാശവാദം എന്റെ ഭാഗത്ത് ഉണ്ടായിട്ടില്ല. 400-ൽ അധികം സീറ്റ് എന്ന് ആദ്യം പറഞ്ഞത് ജനങ്ങളാണ്. താനും പാർട്ടിയും ജനങ്ങളിലേക്ക് ഇറങ്ങി ചെന്നപ്പോൾ അവരുടെ കാഴ്ചപ്പാടുകളിൽനിന്നാണ് ഈ ആശയം ലഭിച്ചത്. ജനങ്ങൾ 400-ൽ അധികം എന്നു പറഞ്ഞപ്പോഴാണ് അവരുടെ കാഴ്ചപ്പാട് അറിയുന്നത്. 2019-ലെ തിരഞ്ഞെടുപ്പിൽ എൻഡിഎയും മുന്നണിയെ പുറത്തുനിന്ന് പിന്തുണയ്ക്കുന്നവരും ചേർന്ന് 400 സീറ്റ് നേടിയിട്ടുണ്ട്. അതിനാൽ നേതാവെന്ന നിലയിൽ ഇത്തവണ 400-ൽ അധികം സീറ്റ് നേടണമെന്ന് സഖ്യകക്ഷികളോട് പറയേണ്ടത് എന്റെ കടമയാണ്. അതുകൊണ്ടാണ് 400-ൽ അധികം എന്ന ലക്ഷ്യം മുന്നോട്ടുവെച്ചത്’, മോദി വ്യക്തമാക്കി.
രാജ്യത്തിന്റെ ഭരണഘടന മാറ്റാനും വിദ്യാഭ്യാസ-തൊഴിൽ സംവരണം എടുത്തുകളയാനുമുള്ള ആഗ്രഹം ഉള്ളതിനാലാണ് ബിജെപി 400 സീറ്റ് നേടുന്നതിനെ പ്രതിപക്ഷം ഭയക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു. ജവഹർലാൽ നെഹ്റുവിൽ തുടങ്ങി ഒരു കുടുംബത്തിലെ നാലുപേർ ഭരണഘടനയെ കീറിമുറിച്ചെന്നും മോദി ആരോപിച്ചു.
അതേസമയം, കേരളത്തിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ 400-ൽ അധികം സീറ്റുകൾ നേടും എന്ന മുദ്രാവാക്യമായിരുന്നു മോദി പ്രധാനമായും ഉയർത്തിയത്. മുതിർന്ന ബിജെപി നേതാക്കളും പാർട്ടി നേതൃത്വും 400-ൽ അധികം എന്നത് തങ്ങളുടെ പ്രധാനമുദ്രാവാക്യവുമാക്കി. ബി.ജെ.പി.ക്ക് 400 സീറ്റ് ലഭിച്ചാൽ ഭരണഘടനയിൽ മാറ്റംവരുത്തുമെന്നായിരുന്നു ബി.ജെ.പി. നേതാവും എം.പി.യുമായ അനന്ത്കുമാർ ഹെഗ്‌ഡെ പറഞ്ഞത്.’രാഷ്ട്രത്തിന്റെ ഭരണഘടന ഹിന്ദുമത താത്പര്യങ്ങള്‍ക്കനുസരിച്ച് തിരുത്തിയെഴുതാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാം 400 സീറ്റുകളില്‍ വിജയിക്കേണ്ടതുണ്ട്’ എന്നായിരുന്നു പരാമർശം.
400 സീറ്റില്‍ അധികം നേടുമെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ ചോദ്യംചെയ്തും വിമര്‍ശിച്ചും കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികളും രംഗത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ബിജെപിയും മോദിയും 400 സീറ്റ് നേടുമെന്ന അവകാശവാദത്തില്‍ നിന്ന് പിന്നോട്ട് പോയതായി പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണത്തിന് ബലം നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്.