ഇന്ത്യ സഖ്യം അധികാരത്തില്‍വന്നാല്‍ പുറത്തുനിന്ന് പിന്തുണനല്‍കും; നിലപാട് മയപ്പെടുത്തി മമത

0
136

കൊൽക്കത്ത: പൊതുതിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സംഘം അധികാരത്തിൽവന്നാൽ അവർക്ക് പുറത്തുനിന്നുള്ള പിന്തുണ നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സീറ്റ് വിഭജനത്തിൽ കോൺഗ്രസുമായുള്ള തർക്കത്തെത്തുടർന്ന് ഇന്ത്യ മുന്നണിയിൽനിന്ന് വിട്ടുനിന്ന മമത, ഇന്ത്യമുന്നണിക്ക് ​പരോക്ഷ പിന്തുണ നൽകുമ്പോഴും ബംഗാളിലെ കോൺഗ്രസിനോടും സിപിഎമ്മിനോടുമുള്ള എതിർപ്പിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ്.

ഇന്ത്യ മുന്നണിക്ക് നേതൃത്വം നൽകുമെന്നും പുറത്തുനിന്ന് എല്ലാ വിധത്തിലും സഹായം ചെയ്യുമെന്നും മമത ബാനർജി പറഞ്ഞു. തൻ്റെ നിർവചനം അനുസരിച്ച് അധിർ രഞ്ജൻ ചൗധരിയുടെ നേതൃത്വത്തിലുള്ള ബംഗാൾ കോൺഗ്രസോ സിപിഎമ്മോ ഇന്ത്യമുന്നണിയിൽ ഉൾപ്പെടുന്നില്ലെന്നും അവർ തുറന്നടിച്ചു. അവർ ബിജെപിക്കൊപ്പമാണെന്നും താൻ ഡൽഹിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും മമത പറഞ്ഞു. ബംഗാളിൽ അമ്മമാർക്കും സഹോദരിമാർക്കും ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാൻ ഉതകുന്ന ഒരു സർക്കാർ രൂപവത്കരിക്കുമെന്നും അവർ കൂട്ടിചേർത്തു.

രാജ്യത്തെ 70 ശതമാനം ലോക്സഭാ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് മമതയുടെ അനുനയനിലപാട്. മൂന്ന് ഘട്ട തിരഞ്ഞെടുപ്പുകളാണ് ഇനി അവശേഷിക്കുന്നത്. ബംഗാളിൽ എല്ലാ ഘട്ടത്തിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here