30 വർഷം മുമ്പ് മരണപ്പെട്ട മകൾക്കൊരു വരനെ വേണം; പത്രത്തിൽ പരസ്യം നൽകി കുടുംബം

0
61

മംഗലാപുരം: 30 വർഷം മുമ്പ് മരണപ്പെട്ട മകൾക്ക് വരനെ തേടി വീട്ടുകാർ പത്രത്തിൽ നൽകിയ പരസ്യം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഏറെ ശ്രദ്ധയാകർഷിക്കുകയാണ്. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുട്ടൂർ ഗ്രാമത്തിൽ നിന്നുള്ള ഒരു കുടുംബമാണ് ഇത്തരത്തിലൊരു പരസ്യം, ഏറെ പ്രചാരമുള്ള ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ചത്. എന്താണ് ഇവർ ഉദ്ദേശിക്കുന്നതെന്നറിയാതെ പലരും അത്ഭുതപ്പെട്ടു. ചിലരെങ്കിലും ഇത്തരമൊരു പരസ്യത്തിന്റെ പിന്നിലെന്താണെന്ന് അന്വേഷിച്ചു. ഒടുവിലാണ് കുടുംബത്തിൽ ഉണ്ടായ ചില നിർഭാഗ്യകരമായ സംഭവങ്ങൾക്കുള്ള പരിഹാരമാണ് ഈ വിവാഹത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന വിവരം പുറത്തുവന്നത്.

മരണപ്പെട്ട മകൾ അവിവാഹിതയായതാണ് കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാകാൻ കാരണമെന്ന് ഇവ‍ർക്ക് ഉപദേശം ലഭിക്കുകയായിരുന്നു. 30 വ‍ർഷം മുമ്പ്, ചെറിയ കുട്ടിയായിരുന്നപ്പോഴാണ് മകൾ മരിക്കുന്നത്. അതിനുശേഷം കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടായി. മകളുടെ ആത്മാവിന് ശാന്തി കിട്ടിയിട്ടില്ലെന്നും അതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് ഇവർക്ക് ഉപദേശം ലഭിച്ചത്. പ്രശ്നങ്ങൾക്ക് അറുതി വരുത്താനും മകളുടെ ആത്മാവിന് ശാന്തി നൽകാനും വേണ്ടിയാണ് ഇത്തരമൊരു വിവാഹം നടത്താൻ കുടുംബം ആലോചിച്ചതത്രെ.

30 വർഷം മുമ്പ് മരണപ്പെട്ട മകൾക്ക് വരനായി വേണ്ടതും 30 വ‍ർഷം മുമ്പ് മരണപ്പെട്ട ‘യുവാവിനെ’ തന്നെയാണ്. ആത്മാക്കളുടെ വിവാഹം നടത്താൻ താത്പര്യമുള്ളവരെ തേടിയായിരുന്നു പത്ര പരസ്യം. ബന്ധുക്കളും സുഹൃത്തുകളും ഏറെ പരിശ്രമിച്ചെങ്കിലും പ്രായവും ജാതിയും മരണപ്പെട്ട വ‍ർഷവുമൊക്കെ ഒക്കെ ഒത്തുവരുന്ന ‘വരനെ’ കണ്ടെത്താൻ സാധിച്ചില്ലെന്ന് ഏറെ വിഷമത്തോടെ ബന്ധുക്കൾ പറയുന്നു.

കർണാടകയുടെ ദക്ഷിണ മേഖല ഉൾപ്പെടുന്ന തുളുനാട്ടിലെ ചില വിഭാഗങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള ചടങ്ങുകൾ നടത്താറുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. മരണപ്പെട്ടവരുടെ വിവാഹം ഇത്തരക്കാർ ഏറെ വൈകാരിക പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഈ വിഭാഗത്തിലുള്ളവരുടെ രീതികൾ പരിചയമുള്ളവ‍ർ വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here