കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയ്ക്കിടെ രാജി ഭീഷണിയുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബാലകൃഷ്ണന്‍ പെരിയ ഉന്നയിച്ചു. പെരിയ കൊലപാതക കേസിലെ പ്രതികളുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍ സൗഹൃദം പുലര്‍ത്തുന്നെന്നും നിയമ സഭ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പ്രധാന ആരോപണം. വിവാദമായതോടെ ഫേസ് ബുക്ക് പോസ്റ്റ് ബാലകൃഷ്ണന്‍ പെരിയ പിന്‍വലിച്ചു.
പെരിയ ഇരട്ട കൊലപാതകക്കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ് കാസര്‍കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി രൂക്ഷമായത്. സംഭവത്തില്‍ നടപടി നേരിട്ടതോടെ ചടങ്ങില്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തുവെന്ന് പെരിയ കോണ്ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബാലകൃഷ്ണന്‍ പെരിയയെ ലക്ഷ്യമിട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റുമെത്തി. രക്തസാക്ഷികളുടെ ആത്മാവിനെ വേദനിപ്പിച്ചവര്‍ക്ക് മാപ്പില്ലെന്നായിരുന്നു ഉണ്ണിത്താന്റെ വിമര്‍ശനം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ഈ സഖ്യം പ്രവര്‍ത്തിച്ചെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ഇതോടെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെയുള്ള ബാലകൃഷ്ണന്‍ പെരിയയുടെ മറുപടി വന്നത്.
ഉണ്ണിത്താനും പെരിയ കൊലപാതക കേസിലെ പ്രതിയായ സിപിഐഎം നേതാവ് മണികണ്ഠനും രാത്രിയുടെ മറവില്‍ സൗഹൃദം പങ്കിട്ടെന്നും കേസില്‍ ഉണ്ണിത്താന്‍ ആയിരം രൂപ പോലും ചെലവാക്കിയില്ലെന്നുമാണ് ബാലകൃഷ്ണന്‍ പെരിയയുടെ വിമര്‍ശനം. മണികണ്ഠനും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി യും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും ബാലകൃഷ്ണന്‍ പെരിയ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഉണ്ണിത്താന് വേണ്ടി താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തു പോകുന്നുവെന്നും ബാക്കി കാര്യങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കുമെന്നാണ് ബാലകൃഷ്ണന്‍ പെരിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ബാലകൃഷ്ണന്‍ പെരിയ. ഉദുമയില്‍ തന്നെ തോല്‍പ്പിക്കാന്‍ ഉണ്ണിത്താന്‍ നിരന്തരശ്രമം നടത്തിയെന്നും ആരോപണമുണ്ട്. നാളെ രാജി സമര്‍പ്പിക്കുമെന്നറിയിച്ചതോടെ ജില്ലാ കോണ്ഗ്രസ് നേതൃത്വം സമ്മര്‍ദ്ദത്തിലായി. സംഭവത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതോടെയാണ് ബാലകൃഷ്ണന്‍ പെരിയ ഫേസ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്…