ബൂത്ത് ​കൈയേറി ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ; വോട്ടുയന്ത്രമെടുത്ത് നൃത്തം ചവിട്ടി, കള്ളവോട്ട് ചെയ്തു -VIDEO

0
182

അഹമ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ പോളിങ് ബൂത്ത് ​കൈയേറി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകി. ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത്‌സിങ് ഭാഭോറിന്റെ മകനും ബി.ജെ.പി. പ്രവര്‍ത്തകനുമായ വിജയ് ഭാഭോറാണ് അനുയായികൾക്കൊപ്പം അഴിഞ്ഞാടിയത്. ബൂത്തിൽ കയറി വോട്ടുയന്ത്രമെടുത്ത് നൃത്തം ചവിട്ടിയ ഇയാൾ കള്ളവോട്ടും ചെയ്തു. സംഭവത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭാബേന്‍ കിശോര്‍സിങ് തവിയാദ് പൊലീസിൽ പരാതി നൽകി.

ബൂത്ത് കൈയ്യേറി വിജയ് ഭാഭോര്‍ ഇന്‍സ്റ്റഗ്രമിലിട്ട ലൈവ് പിന്നീട് ഡിലീറ്റ് ചെയ്തെങ്കിലും ആൾട്ട് ന്യൂസ് സ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈർ ഇത് എക്സിൽ വീണ്ടും പോസ്റ്റ് ചെയ്തു. വോട്ടിങ് മെഷീൻ തന്റെ അച്ഛന്റേതാണെന്ന് വിജയ് അവകാശപ്പെടുന്നത് വിഡിയോയിൽ കാണാം.

മഹിസാഗര്‍ ജില്ലയിലെ ദാഹോദ് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സന്ത്രംപുര്‍ നിയമസഭാ മണ്ഡലത്തിലെ 220ാം ബൂത്തിലാണ് സംഭവം. ഈ ബൂത്തില്‍ റീ പോളിങ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാന വിദ്യാഭ്യാസമന്ത്രി കുബേര്‍ സിങ് ഡിന്‍ഡോറാണ് ഈ നിയമസഭ മണ്ഡലതെത പ്രതിനിധീകരിക്കുന്നത്.

വിജയ്‌ക്കെതിരെ ജില്ലാ കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും കോൺഗ്രസ് പരാതി നല്‍കി. മഹിസാഗര്‍ ജില്ല കലക്ടര്‍ നേഹ കുമാരി അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തതായി മഹിസാഗര്‍ എസ്.പി. ജയദീപ് സിങ് ജഡേജ അറിയിച്ചു. പ്രിസൈഡിങ് ഓഫിസറുടെ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.

മൂന്നാം ഘട്ടത്തിലാണ് ദാഹോദിൽ വോട്ടെടുപ്പ് നടന്നത്. 58.66 ശതമാനമാണ് പോളിങ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ മുഴുവൻ സീറ്റുകളും ബി.ജെ.പി നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here