കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതേസമയം യുഡിഎഫും വിജയ പ്രതീക്ഷ പങ്കുവെക്കുകയാണ്. കാസര്‍ഗോഡ് ലോകസഭ മണ്ഡലത്തിലെ കഴിഞ്ഞ തവണത്തെ പോളിംഗ് 80.57 ശതമാനമായിരുന്നു. ഇത്തവണത്തേത് 76.04 ശതമാനം. കുറവ് 4.53 ശതമാനം.
പോളിംഗ് ശതമാനത്തില്‍ നിയമസഭാ മണ്ഡലങ്ങളില്‍ 3 മുതല്‍ 5 ശതമാനം വരെ കുറവുണ്ടായി. എല്‍ഡിഎഫ് അനുകൂല വോട്ടുകളെല്ലാം പോള്‍ ചെയ്തിട്ടുണ്ടെന്നും മികച്ച വിജയം നേടുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. എല്‍ഡിഎഫിനനുകൂലമായ തരംഗമുണ്ടായെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍.
എല്‍ ഡി എഫിനനുകൂലമായ വോട്ടുകള്‍ പരമാവധി സമാഹരിക്കാന്‍ കഴിഞ്ഞുവെന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. യുഡിഎഫ് ശക്തികേന്ദ്രമായ കാസര്‍ഗോഡും മഞ്ചേശ്വരത്തും പോളിംഗ് ശതമാനം വലിയ തോതില്‍ കുറഞ്ഞത് യുഡിഎഫ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.